Malayalam News


ആനവണ്ടിയിൽ തൃശൂര്‍ നഗരം ചുറ്റാം; ഡബിൾ ഡെക്കറില്‍ നഗരക്കാഴ്ചകൾ കാണാം


തൃശൂർ ∙ ആനപ്പുറത്തേറി തൃശൂർ നഗരമൊന്നു ചുറ്റിയാൽ ആ കാഴ്ചകൾക്ക് വേറിട്ടൊരു രസമായിരിക്കില്ലേ? ആനയ്ക്കു പകരം ആനവണ്ടിയായാലും സംഗതി ജോറാകും. എന്നാൽ പെട്ടെന്ന് ബുക്ക് ചെയ്യൂ. എന്നിട്ട് നേരേ വിട്ടോളൂ കെഎസ്ആർടിസി സ്റ്റാൻഡിലേക്ക്. എന്നും വൈകിട്ട് 5.30ന് ഡബിൾ ഡെക്കർ നഗരക്കാഴ്ചാ വണ്ടി ഡബിൾബെല്ലടിച്ച് സ്‌റ്റാൻഡ് വിടും. രണ്ടു മണിക്കൂറിൽ നഗരം കറങ്ങി തിരികെ സ്‌റ്റാൻഡിൽ വിടും. 64 സീറ്റുള്ള ഡബിൾ ഡെക്കറിന്റെ അപ്പർ ഡെക്കിൽ 34 പേർക്ക് ഇരിക്കാം. ഒറ്റ ചാർജിൽ 250 കിലോമീറ്റർ സഞ്ചരിക്കുന്ന ഇലക്ട്രിക് ഡബിൾ ഡെക്കറാണ് സർവീസിനുള്ളത്. പുകയില്ല, പൊടിയില്ല, ശബ്‌ദമില്ല, ശരിക്കും സ്മൂത്ത് റൈഡ്. അതിലേറെ സ്മൂത്തായി ഇടപെടുന്ന ജീവനക്കാരും.

അങ്ങനെ ഞങ്ങളുടെ ആനവണ്ടി സ്റ്റാൻഡിൽ നിന്നിറങ്ങി വെളിയന്നൂർ റോഡ് വഴി ശക്തനിലേക്ക്. ഇടത്തോട്ട് തിരിഞ്ഞ് പൊലീസ് കാര്യാലയങ്ങൾക്കു മുന്നിലൂടെ മുനിസിപ്പൽ ഓഫിസ് റോഡിലേക്ക്. വടക്കുന്നാഥനെ വന്ദിച്ച് ഇരട്ടച്ചങ്കൻ റൗണ്ടിലേക്ക് കയറി. റൗണ്ട് ഒരുതവണ വലംവച്ച് വടക്കേസ്‌റ്റാൻഡിന് മുന്നിലൂടെ അശ്വിനി ജംക്ഷനിലേക്ക്. ഇടത് വശത്ത് കോർപറേഷൻ സ്‌റ്റേഡിയത്തിൽ പന്തുതട്ടുന്ന രസകരമായ ദൃശ്യം. പാട്ടുരായ്ക്കൽ, പൂങ്കുന്നം വഴി പടിഞ്ഞാറേക്കോട്ടയിലേക്ക്. അവിടത്തെ ട്രാഫിക് ബ്ലോക്കിൽ അൽപനേരം കുടുങ്ങിയപ്പോൾ സമീപത്തെ മീൻതട്ടിലെ ചേട്ടൻമാർ മൊബൈലിൽ ഞങ്ങളെ പകർത്തുന്നു. അവർക്ക് ടാറ്റാ നൽകി വണ്ടി അയ്യന്തോൾ കലക്ടറേറ്റ്, ലോ കോളജ് ജംക്ഷൻ, ലുലു വഴി പുഴയ്ക്കലിലേക്ക്. സമയം ആറര. ചെറുതായി തണുപ്പുള്ള കാറ്റേറ്റ് അപ്പർ ഡെക്കിലെ യാത്ര- ഹാ സ്വർഗം. ഈ സമയത്ത് സജീവമാകേണ്ട തട്ടുകടകളൊന്നും കാണുന്നില്ലല്ലോയെന്ന് ആരോ പറയുന്നതുകേട്ടു. യുദ്ധവും പാചകവാതക ക്ഷാമവും അങ്ങനെ ഞങ്ങളുടെ ഇലക്ട്രിക് ബസിലും ചർച്ചയായി. ആനപ്പുറമേറിയ കുഞ്ഞുമണികളിലൊരാൾ ഐസ്ക്രീമിനു കരഞ്ഞു. ഉദാരനായ ഡ്രൈവർ ചേട്ടൻ അടുത്തുകണ്ട കോഫിഷോപ്പിനുമുൻപിൽ ആനയെ തളച്ചു. വേണ്ടത്ര ഐസ്ക്രീമും കൂൾഡ്രിംഗ്‌സും കിട്ടിയതോടെ കുഞ്ഞിമണികൾ ഹാപ്പി. ഇരട്ടച്ചങ്കനും പതിയെ പതിയെ പുഴയ്ക്കൽ പാലം പിന്നിട്ട് വലത്ത് തിരിഞ്ഞ് ശോഭാ സിറ്റിയിലേക്ക്. നഗരത്തിനുള്ളിലെ മറ്റൊരു ചെറുനഗരം കണ്ട് തിരികെ പൂങ്കുന്നത്തേക്ക്. എംജി റോഡ് ക്രോസ് ചെയ്ത് റെയിൽവേ സ്‌റ്റേഷൻ റോഡിലൂടെ വഞ്ചിക്കുളത്തിന് സമീപമെത്തിയപ്പോൾ ഇരുട്ടുവീണിരുന്നു. എന്നാപ്പിന്നെ മതിയാക്കാം എന്നു തീരുമാനിച്ച് അവിടുന്ന് തിരിച്ച് പൂത്തോൾ മേൽപ്പാലം കയറി നേരേ കെഎസ്ആർടിസിയിലേക്ക്. സമയം രാത്രി 7.45.

പതിനെട്ടാം തീയതിയാണ് ഡബിൾ ഡെക്കർ സർവീസ് ആരംഭിച്ചത്. 3.30 ന് പുത്തൂരിലെ തൃശൂർ മൃഗശാലയിലേക്ക് ഒരു സർവീസുണ്ട്. അതു മടങ്ങിയെത്തിയ ശേഷമാണ് അഞ്ചരയുടെ നഗരക്കാഴ്ച. എന്റെ കെഎസ്ആർടിസി ആപ്പിൽ ടിക്കറ്റ് ബുക്ക് ചെയ്യാം.

മൃഗശാല ട്രിപ്പിന് ഒരാൾക്ക് അപ്പർ ഡെക്കിന് 250 രൂപയും ലോവർ ഡെക്കിന് 125 രൂപയുമാണ് നിരക്ക്. നഗരക്കാഴ്ചയ്ക്ക് അപ്പറിന് 200 രൂപയും ലോവറിന് 100 രൂപയും. കെഎസ്ആർടിസി ആപ്പ് വഴി ബുക്ക് ചെയ്യാം: Ente KSRTC neo OPRS.

18 MINUTES AGO

36 MINUTES AGO

1 HOUR 6 MINUTES AGO