Malayalam News


നർകോട്ടിക് വിഭാഗം ചമഞ്ഞെത്തി; യുവാവിന്റെയും യുവതിയുടെയും സ്വർണവും പണവും കവർന്നു, അറസ്റ്റ്


കൊച്ചി ∙ ഹോട്ടലിൽ മുറിയെടുത്ത യുവതിയേയും യുവാവിനേയും പൊലീസിന്റെ നർകോട്ടിക് വിഭാഗം ചമഞ്ഞ് ഭീഷണിപ്പെടുത്തി പണവും സ്വർണവും തട്ടിയ മൂന്നു പേർ പിടിയിൽ. കോഴിക്കോട് സ്വദേശിയായ യുവാവും വടകര സ്വദേശിയായ യുവതിയും ഈ മാസം രണ്ടിനാണ് തട്ടിപ്പിന് ഇരയായത്. 5000 രൂപ, മുക്കാൽ പവന്റെ ബ്രെയ്സ്‍ലെറ്റ്, 55,000 രൂപയുടെ ഐഫോൺ എന്നിവ പ്രതികൾ കൈക്കലാക്കുകയായിരുന്നു.

ചേർത്തല വയലാർ പീടികത്തറയിൽ അമൽ എൻ.കെ (26), എറണാകുളം പള്ളുരുത്തി കാട്ടത്തറ വീട്ടിൽ ഭവൻ (36), ഇടുക്കി പാറപ്പുഴ പുന്നക്കാട്ട് വീട്ടിൽ തോമസ് ചാക്കോ (30) എന്നിവരാണ് എറണാകുളം നോർത്ത് പൊലീസിന്റെ പിടിയിലായത്. അമലിനെ വയലാറിൽ നിന്നും മറ്റു രണ്ടു പേരെയും വ്യത്യസ്ത ദിവസങ്ങളായി എറണാകുളത്തു നിന്നുമാണ് പിടികൂടിയത്. ഇവരെ റിമാൻഡ് ചെയ്തു. മാർച്ച് രണ്ടിന് വെളുപ്പിനെ നാലു മണിയോടെയായിരുന്നു സംഭവം. കലൂർ എസ്ആർഎം റോഡിലുള്ള ഹോട്ടലിൽ 24കാരനായ യുവാവും 22കാരിയായ യുവതിയും നാലു ദിവസമായി താമസിച്ചു വരികയായിരുന്നു. പുറത്തേക്ക് ഇറങ്ങിയ യുവാവിനെ ഹോട്ടലിന്റെ റിസപ്ഷനിൽ വച്ച് സംഘം തടഞ്ഞു. പൊലീസിലെ നർകോട്ടിക് വിഭാഗത്തിൽ നിന്നാണെന്നും പരിശോധിക്കണമെന്നുമായിരുന്നു ആവശ്യം. തുടർന്ന് യുവാവിനെ മൂന്നു പേരും ചേർന്ന് ബലമായി ഇവര്‍ താമസിച്ചിരുന്ന രണ്ടാം നിലയിലെ മുറിയിലേക്ക് കൊണ്ടുപോയി.

യുവാവിനെേയും യുവതിയേയും ബന്ദികളാക്കി മുറി പരിശോധിച്ചപ്പോഴാണ് മേശപ്പുറത്തു വച്ചിരുന്ന ബ്രെയ്സ്‍ലെറ്റ് കണ്ണിൽപ്പെടുന്നതും ഇത് കൈക്കലാക്കുന്നതും. യുവാവിന്റെ ജീൻസിന്റെ പോക്കറ്റിൽ കിടന്ന 5000 രൂപയും ഐഫോണും പ്രതികൾ കൈക്കലാക്കി. വെളുപ്പിനെ ആറു മണിവരെ യുവതിയേയും യുവാവിനേയും ബന്ദിയാക്കി ഇരുത്തിയ ശേഷമാണ് പ്രതികൾ  മടങ്ങിയത്. ഇരുവർക്കും മർദനവുമേറ്റു. വിവരം പുറത്തുവിട്ടാൽ കേസിൽ കുടുക്കുമെന്നു ഭീഷണിപ്പെടുത്തിയിട്ടാണ് സംഘം മടങ്ങിയത്. യുവാവും യുവതിയും പിന്നീട് പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.

40 SECONDS AGO

26 MINUTES AGO

31 MINUTES AGO