Malayalam News


‘സിപിഎമ്മുകാർക്കായി’ ചെലവാക്കിയത് 3.73 കോടി, വീടൊന്നിന് 7.50 രൂപ, യാത്രപ്പടി വന്നതോടെ സർവേ ‘ഹിറ്റ്’


തിരുവനന്തപുരം∙ നവകേരള സർവേയുടെ പേരിൽ വീടുകയറാനായി സിപിഎം അനുഭാവികളിലേക്കു സർക്കാർ എത്തിച്ചത് 3.73 കോടി രൂപ. മൂന്നാഴ്ച മുൻപുവരെ കയറിയ വീടുകൾ 6 ലക്ഷമായിരുന്നെങ്കിൽ വീടൊന്നിന് 7.50 രൂപ വീതം യാത്രപ്പടി നിശ്ചയിച്ചതോടെ ഗൃഹസന്ദർശന നിരക്ക് കുതിച്ചുകയറി. ഈമാസം 15ന് അവസാനിപ്പിച്ച സർവേയനുസരിച്ച് ആകെ കയറിയതു 49,73,021 വീടുകളിൽ. വൊളന്റിയർമാർക്കു മുഖ്യമന്ത്രി ഒപ്പിട്ട സർട്ടിഫിക്കറ്റ് മാത്രം നൽകുന്നതിനു പകരം, യാത്രച്ചെലവും നൽകാൻ തീരുമാനിച്ചതോടെയാണു മാറ്റം. 

വൊളന്റിയർമാരുടെ പരിശീലനത്തിനായി ചെലവിട്ടത് 1.15 കോടി രൂപ. എന്നാൽ, പുതിയ സർക്കാർ എൽഡിഎഫിന്റേതല്ലെങ്കിൽ ഇത്രയും തുക ചെലവിട്ടു നടത്തിയ സർവേയുടെ റിപ്പോർട്ട് വെളിച്ചം കണ്ടേക്കില്ല. യുഡിഎഫ് എതിർപ്പുമായി കോടതിയിലെത്തിയതാണ്. 15ന് തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം വരുംമുൻപേ സർവേയും പൊതുകൂട്ടായ്മയും ‘ഓടിച്ചിട്ടു തീർത്തു’വെന്നാണു വ്യക്തമാകുന്നത്.

ആകെ 40,548 പൊതുകൂട്ടായ്മകൾ സംഘടിപ്പിച്ചതിൽ 24,762 എണ്ണം കുടുംബശ്രീ അയൽക്കൂട്ടങ്ങളാണ്. പൊതുകൂട്ടായ്മകളിൽ പങ്കെടുത്ത 6,97,213 പേരിൽ 3,37,223 പേരും കുടുംബശ്രീ അംഗങ്ങൾ. വൊളന്റിയർമാരിൽ 60% മാത്രമല്ല, അഭിപ്രായം അറിയിച്ചവരിലും പകുതിപ്പേർ കുടുംബശ്രീ പ്രവർത്തകർ!

കേരളത്തിന്റെ ഭാവി വികസനത്തിനുള്ള നിർദേശം, വികസന പദ്ധതികളിൽ വരുത്തേണ്ട മാറ്റം, പുതിയ ക്ഷേമപദ്ധതികൾ, നിലവിലെ ക്ഷേമപദ്ധതികളിലെ മാറ്റം എന്നിവയെക്കുറിച്ചാണു സർവേയിൽ ചോദിച്ചത്. ഒപ്പം, സർക്കാരിന്റെ 10 വർഷത്തെ നേട്ടങ്ങളുടെ പ്രചാരണവും ലക്ഷ്യമിട്ടിരുന്നു.

കണക്ക് ഇങ്ങനെ:  കയറിയ വീടുകൾ: 49,73,021 (52%) ലഭിച്ച അഭിപ്രായക്കുറിപ്പുകൾ: 46,84,431 പൊതുകൂട്ടായ്മ: 40,548 പങ്കെടുത്തത്: 6,97,213 പേർ പോർട്ടൽ വഴി അഭിപ്രായം അറിയിച്ചവർ: 7851. പങ്കാളികളായ വൊളന്റിയർമാർ: 48906.

52 SECONDS AGO

5 MINUTES AGO

19 MINUTES AGO