Malayalam News


മട്ടന്നൂരിൽ സിപിഎം ആശങ്ക ‘60,963’ ; ശൈലജയെ എന്തിനു മാറ്റി ? ഇതാണ് പാർട്ടി നൽകുന്ന ഉത്തരം


കെ.കെ. ശൈലജയ്ക്കു പകരം വി.കെ. സനോജ് എത്തുമ്പോൾ മട്ടന്നൂരിൽ സിപിഎമ്മിന് വെല്ലുവിളിയേറെ. എന്തിന് ശൈലജയെ മാറ്റി? പ്രചാരണ യോഗങ്ങളിൽ ഈ ചോദ്യത്തിന് ഉത്തരം നൽകണം. 60,963 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിലാണ് കെ.കെ. ശൈലജ മട്ടന്നൂരിൽ ജയിച്ചത്. ആ ഭൂരിപക്ഷം നിലനിർത്തുകയാണ് സനോജിന്റെ ആദ്യ ദൗത്യം. യുവാവായ വി.കെ. സനോജിനെ നിർത്തുന്നതിലൂടെ പാർട്ടിയിലെ യുവാക്കൾ വലിയ ആവേശത്തിലാണെന്നു പറയാം. കഴിഞ്ഞ ദിവസം നടത്തിയ പ്രകടനങ്ങളിലെ ആൾക്കൂട്ടം അതിന് തെളിവാണ്. പക്ഷേ, ശൈലജ നേടിയ ഭൂരിപക്ഷം നേടാനായില്ലെങ്കിൽ പാർട്ടിക്ക് വലിയ ക്ഷീണമാകും.

സ്ഥാനാർഥി നിർണയ യോഗങ്ങളിൽ പങ്കെടുത്ത സെക്രട്ടേറിയറ്റ് അംഗമായ ടി.കെ. ഗോവിന്ദൻ, ശൈലജയെ തോൽപ്പിക്കാനാണ് പേരാവൂരിൽ നിർത്തിയതെന്ന് വെളിപ്പെടുത്തിയത് പാർട്ടിയെ പ്രതിരോധത്തിലാക്കുകയാണ്. പാർട്ടി പറയുന്ന രണ്ട് ടേം നിബന്ധന, പേരാവൂർ മണ്ഡലം പിടിക്കാൻ ശൈലജയ്‌ക്കെ സാധിക്കൂ തുടങ്ങിയ വാദങ്ങൾ പാർട്ടി അണികൾ തൊണ്ടതൊടാതെ വിഴുങ്ങുന്നത് പോലെ പൊതുജനം വിശ്വസിക്കാൻ സാധ്യതയില്ല. ശൈലജയെ മാറ്റിയതുകൊണ്ട് മട്ടന്നൂരിലെ ഫലത്തെ കാര്യമായി ബാധിക്കില്ലെന്ന് പ്രവർത്തകർക്ക് അറിയാം.

∙ തോൽപ്പിക്കാനല്ല ജയിപ്പിക്കാനാണ് നിർത്തിയത് കേട്ടോ ! ശൈലജയെ മാറ്റിയതെന്തിന് എന്നാണ് മണ്ഡലത്തിൽ ഉയരുന്ന പ്രധാന ചോദ്യം. അതിന് പാർട്ടി പ്രവർത്തകർ നൽകുന്ന മറുപടി ഇങ്ങനെയാണ്: ‘ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ പരമാവധി സീറ്റിൽ ജയിക്കുക എന്നതാണ് പാർട്ടിയുടെ ലക്ഷ്യം. അതിന്റെ ഭാഗമായി ചിലർക്ക് മൂന്ന് ടേം നിബന്ധനയിൽ ഇളവ് നൽകിയതനുസരിച്ച് കെ.കെ. ശൈലജയ്ക്കും ഇളവ് നൽകി. പേരാവൂരിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെ തോൽപ്പിക്കണമെങ്കിൽ നിലവിലെ സാഹചര്യത്തിൽ കെ.കെ. ശൈലജയ്ക്ക് മാത്രമേ സാധിക്കൂ. മുൻപ് ഇതേ മണ്ഡലത്തിൽ ജയിച്ചിട്ടുള്ള ആളാണ് ശൈലജ. ശൈലജയെ തോൽപ്പിക്കാനല്ല, ജയിപ്പിച്ച് മണ്ഡലം പിടിക്കാനാണ് പേരാവൂരിൽ നിർത്തിയത്.

മട്ടന്നൂരിൽ പൊതുപ്രവർത്തനത്തിൽ നിറഞ്ഞു നിൽക്കുന്ന ആളാണ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്. ഓരോ മണ്ഡലത്തിലും ഏറ്റവും കരുത്തരായ സ്ഥാനാർഥികളെ മാത്രം നിർത്തുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് പല യുവാക്കളേയും മാറ്റി നിർത്തേണ്ടി വന്നത്. അതുകൊണ്ടാണ് യുവപ്രതിനിധി എന്ന നിലയിൽ വി.കെ. സനോജിനെ കൂടുതൽ ജയസാധ്യതയുള്ള മണ്ഡലത്തിൽ നിർത്തിയത്.

∙ മണ്ഡലത്തിൽ നിറയെ ബാനറുകൾ, ഫ്ലെക്സുകൾ‌ വി.കെ. സനോജിന് ആമുഖത്തിന്റെ ആവശ്യമില്ലാതെ തന്നെ മണ്ഡലത്തിലെ ആളുകൾക്ക് പരിചിതമാണ്. അതുകൊണ്ട് തന്നെ പാർട്ടിപ്രവർത്തകർക്ക് പ്രചാരണം എളുപ്പമാണ്. മണ്ഡലത്തിന്റെ മുക്കിലും മൂലയിലും സനോജിന്റെ വലിയ ഫ്ലക്സുകളും ബാനറുകളും നിറഞ്ഞുകഴിഞ്ഞു. ഡിവൈഎഫ്ഐ പ്രവർത്തകർ ഓരോ വീടും കയറി ഇറങ്ങി പ്രചാരണം നടത്താൻ തുടങ്ങി. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കണ്ണൂരിലെ പല പഞ്ചായത്തുകളിലും യുഡിഎഫ് മുന്നേറ്റം ഉണ്ടാക്കിയപ്പോൾ ഇളക്കം തട്ടാതെ എൽഡിഎഫിനൊപ്പം നിന്നവയാണ് മട്ടന്നൂരിലെ ഭൂരിഭാഗം പഞ്ചായത്തുകളും. സംസ്ഥാന നേതൃത്വം നേരിട്ടാണ് പേരാവൂരിലെ തിരഞ്ഞെടുപ്പ് പ്രചാരണം നയിക്കുന്നത്.

25 MINUTES AGO

31 MINUTES AGO

41 MINUTES AGO