Malayalam News


സാഹോദര്യത്തിന്റെയും കരുതലിന്റെയും സന്ദേശവുമായി ഇന്ന് ഈദുൽ ഫിത്‌ർ ; ഈദിന്റെ സുഗന്ധം


ഒരു മാസം നീണ്ട ഉപവാസത്തിന്റെയും ആത്മനിയന്ത്രണത്തിന്റെയും പ്രാർഥനകളുടെയും പുണ്യനാളുകൾക്കു പരിസമാപ്തി കുറിച്ച് വിശ്വാസിലോകം ഈദുൽ ഫിത്ർ (ചെറിയ പെരുന്നാൾ) ആഘോഷിക്കുകയാണ്. കേവലം ആഹ്ലാദപ്രകടനങ്ങൾക്കപ്പുറം സഹജീവി സ്നേഹത്തിന്റെയും പങ്കുവയ്ക്കലിന്റെയും വലിയൊരു സന്ദേശമാണ് ഈ ദിനം ലോകത്തിനു പകരുന്നത്. ആഘോഷങ്ങൾക്കിടയിലും ആരാധനകൾക്ക് അവിഭാജ്യസ്ഥാനം നൽകിയ ഉത്തമസംസ്കാരത്തിന്റെ പ്രതിഫലനമാണ് ഓരോ പെരുന്നാൾ കാഴ്ചകളും. പുത്തനുടുപ്പുകൾ ധരിച്ചും ബന്ധുവീടുകൾ സന്ദർശിച്ചും അയൽപക്ക മര്യാദകൾ പാലിച്ചും വിശ്വാസികൾ ഈ ദിനം ആഘോഷിക്കുമ്പോൾ, കേവലം ബാഹ്യ പ്രകടനമല്ല, ഉള്ളിലെ സ്നേഹം പുറത്തേക്കു പ്രസരിപ്പിക്കുക കൂടിയാണ് ചെയ്യുന്നത്.

വ്രതശുദ്ധിയിലൂടെ നേടിയെടുത്ത ആത്മീയകരുത്ത് ജീവിതത്തിലുടനീളം കാത്തുസൂക്ഷിക്കുമെന്ന പ്രഖ്യാപനം കൂടിയാണ് ഈ ദിനം. പെരുന്നാളിന്റെ ഏറ്റവും പ്രധാനപ്പെട്ട ആരാധനകളിലൊന്നാണ് ഫിത്‌ർ സകാത്ത്. ആഘോഷദിനത്തിലും തുടർന്നുള്ള ഒന്നുരണ്ടു ദിനങ്ങളിലും തൊഴിലാളികളായ ഭൂരിപക്ഷത്തിനും സ്വാഭാവികമായും തൊഴിൽ മുടങ്ങുമല്ലോ. അപ്പോഴും അവർക്കു മുഖ്യാഹാരം ലഭിക്കാത്ത അവസ്ഥയുണ്ടാകരുത് എന്ന കരുതലാണ് ഈ നിർബന്ധദാനത്തിനു പിന്നിലുള്ളത്. അപ്പോൾ തൊഴിൽരഹിതരും നിർധനരുമായ നിത്യ പട്ടിണിക്കാർ സമൂഹത്തിലുണ്ടാകുന്നതു മതം ഒരിക്കലും പൊറുക്കുകയില്ലല്ലോ.

തനിക്കും കുടുംബത്തിലെ ആശ്രിത വ്യക്തികൾക്കും വേണ്ടി അതതു നാട്ടിലെ മുഖ്യാഹാരം തന്നെ ദാനമായി നൽകണമെന്ന വ്യവസ്ഥ അന്നമില്ലാത്തവർ ഉണ്ടാകരുതെന്ന കാഴ്ചപ്പാടിനു ബലമേകും. പെരുന്നാൾ പ്രാർഥനയ്ക്കു പോകുംമുൻപു തന്നെ ഇത് അർഹരിലെത്തിയെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. സമ്പന്നർ മുതൽ ഇടത്തരക്കാരും നിത്യതൊഴിലാളികളും വരെ ഇതിൽ പങ്കാളികളാകുന്നു. അന്നമുറപ്പാക്കിയേ ആഘോഷം പാടുള്ളൂ എന്ന മതത്തിന്റെ ഈ കാഴ്ചപ്പാട് വിശപ്പിനെതിരായ വലിയൊരു പ്രതിരോധം കൂടിയാണ്. അല്ലാഹുവിന്റെ അവാഇദ് (സമ്മാനങ്ങൾ) വർഷിക്കുന്ന ഈദ്നാളിലെ ദാനധർമങ്ങൾക്കു വലിയ പ്രാധാന്യമുണ്ട്. ഒരിക്കൽ പെരുന്നാൾ ദിനത്തിൽ പാവപ്പെട്ടവരെ സഹായിക്കാൻ പ്രവാചക തിരുമേനി (സ) ആഹ്വാനം ചെയ്തപ്പോൾ തങ്ങളണിഞ്ഞ സ്വർണാഭരണങ്ങൾ പോലും ഊരി പാവപ്പെട്ടവർക്കു നൽകാൻ വിശ്വാസികൾ തയാറായതായി ചരിത്രരേഖകൾ സാക്ഷ്യപ്പെടുത്തുന്നു.

എന്തിലും വലുത് അല്ലാഹുവാണെന്ന തക്ബീർ മന്ത്രങ്ങളുരുവിട്ട് പള്ളികളിലും ഈദ്ഗാഹുകളിലും ഒരുമിച്ചു കൂടുന്ന വിശ്വാസികളെല്ലാവരും നന്മ നിറഞ്ഞ സമാധാനപൂർണമായ ലോകത്തിനായി ഹൃദയപൂർവം പ്രാർഥന നടത്തിയാണു പിരിയുന്നത്. പ്രവാചക മാതൃകയുടെ അടിസ്ഥാനത്തിൽ, നമസ്കാരത്തിനു പോയ വഴിയിലൂടെയല്ലാതെ മറ്റൊരു വഴിയിലൂടെ വേണം മടങ്ങാനെന്ന് വിശ്വാസികളോടു നിർദേശിച്ചിട്ടുണ്ട്. അന്നേ ദിനത്തിൽ അവതരിക്കുമെന്നു വിശ്വസിക്കപ്പെടുന്ന മലക്കുകളുടെ അനുഗ്രഹം നേടുകയെന്നതിനൊപ്പം കൂടുതൽ ആളുകളെ കാണാനും സ്നേഹം പങ്കുവയ്ക്കാനും ദാനധർമങ്ങൾക്കു കൂടുതൽ അവസരമുണ്ടാകാനും ഏവർക്കും പെരുന്നാളാശംസകൾ കൈമാറാനും കൂടിയാണ് പ്രവാചക തിരുമേനി ഈ രീതി സ്വീകരിച്ചത്. മറ്റുള്ളവരോടുള്ള കരുതലിന് ഊന്നൽ നൽകുന്ന ഉദാത്ത മാതൃകയാണിത്.

ജാതിമതഭേദമെന്യേ അയൽവാസികൾക്കും സുഹൃത്തുക്കൾക്കും വിഭവസമൃദ്ധ ഭക്ഷണം നൽകുന്നതിലൂടെ പെരുന്നാൾ ഒരു വലിയ സാമൂഹിക ഒത്തുചേരലായി മാറുന്നു. ‘പച്ചക്കരളുള്ള ഏതു ജീവിക്കു നൽകുന്നതും ദാനമാണ്’ എന്ന പ്രവാചക വചനം മാനവികതയുടെ അതിരുകൾ വിശാലമാക്കുന്നു.

ആഘോഷം വീടുകളിൽ മാത്രം ഒതുങ്ങിനിൽക്കേണ്ടതല്ലെന്ന ബോധ്യം വിശ്വാസികൾക്കുണ്ട്. രോഗികളെ സന്ദർശിക്കുക, പ്രായമായവരുടെ ക്ഷേമമന്വേഷിക്കുക, അകന്നുപോയ കുടുംബബന്ധങ്ങൾ ചേർത്തുപിടിക്കുക തുടങ്ങിയവ പെരുന്നാൾ ദിനത്തിലെ പുണ്യകർമങ്ങളാണ്. വ്രതനാളുകൾക്കു ശേഷം ഇത്തരം പുണ്യങ്ങളുമായി പെരുന്നാൾ പ്രാർഥനയ്ക്ക് ഒത്തുചേരുന്ന വിശ്വാസികളെ നോക്കി സർവശക്തനായ അല്ലാഹു മലക്കുകളോടു തന്റെ സന്തോഷം പങ്കുവയ്ക്കുമെന്ന് ഒരു നബിവചനത്തിൽ കാണാം. വിശ്വാസികളുടെ പാപങ്ങൾ പൊറുത്ത് അവരെ അല്ലാഹു തൃപ്തരാക്കുന്ന ഈ ദിനം, നന്മയുള്ള ലോകത്തിനായി തെറ്റുകൾ തിരുത്തി മുന്നേറാനുള്ള വലിയൊരു ഊർജമാണ് ഓരോ വിശ്വാസിക്കും നൽകുന്നത്. വ്യക്തിപരമായ ശുദ്ധീകരണത്തിലൂടെ നല്ല സമൂഹം കെട്ടിപ്പടുക്കുകയെന്ന ലക്ഷ്യം ഇതിനു പിന്നിലുണ്ട്.

പശ്ചിമേഷ്യൻ സംഘർഷം ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അശാന്തി നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ വർഷത്തെ പെരുന്നാൾ. യുദ്ധവും പട്ടിണിയും മൂലം ദുരിതമനുഭവിക്കുന്ന ജനതയെ വിശ്വാസികൾ തങ്ങളുടെ പ്രാർഥനകളിൽ ഹൃദയപൂർവം ചേർത്തുപിടിക്കുന്നു. സമാധാനമുള്ള, ഭയമില്ലാത്ത ഒരു ലോകത്തിനായുള്ള അന്വേഷണമാണ് ഓരോ പള്ളിയിൽനിന്നും ഉയരുന്നത്. വിദ്വേഷത്തിന്റെ മതിലുകൾ തകർത്ത് സൗഹാർദത്തിന്റെ പാലങ്ങൾ പണിയാനാണ് പെരുന്നാൾ നമ്മെ പഠിപ്പിക്കുന്നത്. ഭേദങ്ങളുടെ അന്യായ അതിരുകളില്ലാത്ത തികഞ്ഞ സൗഹാർദത്തിലൂന്നിയതാകട്ടെ ഈ ചെറിയ പെരുന്നാളും. ഏവർക്കും ഹൃദയം നിറഞ്ഞ പെരുന്നാൾ ആശംസകൾ

(കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറിയാണ് ലേഖകൻ)

43 SECONDS AGO

12 MINUTES AGO

19 MINUTES AGO