Malayalam News


‘ഈ വാക്ക് രാഹുലിന്റേത് കൂടിയായി കരുതണം’, മഞ്ഞുരുകിയത് ആ ഫോൺ വിളിയിൽ; ‘പരിഹാരക്രിയ’ വിജയിച്ചു


ന്യൂഡൽഹി ∙ കെ.സുധാകരന്റെ നീക്കങ്ങളെക്കുറിച്ചു മാധ്യമങ്ങൾ കാടുകയറുമ്പോഴും കുലുങ്ങാതെ നിന്ന ഹൈക്കമാൻഡിന്റെ ‘പരിഹാരക്രിയ’ ഒടുവിൽ വിജയം കണ്ടു. സ്ഥാനാർഥിനിർണയം അന്ത്യത്തോട് അടുക്കുകയും എംപിമാർ മത്സരിക്കേണ്ടെന്ന കർശന നിലപാടിൽ ഹൈക്കമാൻഡ് ഉറച്ചുനിൽക്കുകയും ചെയ്തതോടെ സുധാകരൻ അസ്വസ്ഥനാണെന്നു നേതൃത്വത്തിനു ബോധ്യമായിരുന്നു. അതുകൊണ്ടുതന്നെ സ്ഥാനാർഥിപ്രഖ്യാപനത്തിനു മുൻപ് ഹൈക്കമാൻഡ് സുധാകരനെ ശാന്തനാക്കാനുള്ള ഇടപെടലുകളിലേക്കു കടന്നു.

ആർക്കും ഇളവില്ല സുധാകരനടക്കം എംപിമാരുടെ മത്സരതാൽപര്യം പലവട്ടം ചർച്ചയ്ക്കു വന്നെങ്കിലും വേണ്ട എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു ഹൈക്കമാൻഡ്. ഒരാൾക്കും ഇളവു നൽകാൻ നേതൃത്വം താൽപര്യപ്പെട്ടില്ല. ഇളവിനു തീരുമാനിച്ചാൽ കുറഞ്ഞത് 3 പേർക്കെങ്കിലും അനുമതി നൽകേണ്ടിവരുമെന്നും വിലയിരുത്തി. അത് 21 നിയമസഭാ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പു നടത്തുന്നതിനു തുല്യമാകുമെന്നു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെതന്നെ കൂടിയാലോചനകളിൽ പറഞ്ഞു. കൂട്ടത്തോടെ ഉപതിരഞ്ഞെടുപ്പുണ്ടാകുന്നത് കേരളത്തിൽ ഫലപ്രദമാകില്ലെന്നും അഭിപ്രായമുണ്ടായി. എതിരാളികൾ ഇതു പ്രചാരണായുധമാക്കുമെന്നും വിലയിരുത്തി.

പന്ത് സുധാകരനിലേക്ക് കണ്ണൂരിലെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ടു കുടുംബത്തിലെ ചിലരിൽനിന്നും അടുത്ത ചില അനുയായികളിൽനിന്നും സുധാകരനുമേൽ സമ്മർദമുണ്ടായിരുന്നുവെന്നാണു വിവരം. സുധാകരനെ അനുനയിപ്പിക്കാൻ സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ കെപിസിസി വർക്കിങ് പ്രസിഡന്റുമാരായ എ.പി.അനിൽകുമാറിനെയും ഷാഫി പറമ്പിലിനെയും കഴിഞ്ഞദിവസം അയച്ചു. കാര്യങ്ങൾ ബോധ്യപ്പെടുത്തിയെങ്കിലും സുധാകരൻ ശാന്തനായിരുന്നില്ല. തുടർന്ന് ഇന്നലെ രാവിലെയും വൈകിട്ടും വേണുഗോപാൽ സുധാകരനുമായി ഫോണിൽ സംസാരിച്ചു. അതിനിടെ എ.കെ.ആന്റണിയും സുധാകരനോടു സംസാരിച്ചു. പിണറായി സർക്കാരിന്റെ തുടർഭരണം തടയണമെന്ന ഇതുവരെയുള്ള നിലപാടുമായി സുധാകരൻ മുന്നോട്ടുപോകണമെന്നാണ് ആന്റണി പറഞ്ഞത്.

അതിനിടെ, മുതിർന്ന നേതാവെന്ന നിലയിൽ അന്തിമ സ്ഥാനാർഥിപ്പട്ടികയിറക്കും മുൻപു സുധാകരനോടു നേരിട്ടു സംസാരിക്കണമെന്ന് വേണുഗോപാൽ ബെംഗളൂരുവിലായിരുന്ന ഖർഗെയോട് ആവശ്യപ്പെട്ടു. ഇളവു നൽകാനാകില്ലെന്നും സുധാകരൻ പാർട്ടിയുമായി സഹകരിച്ചു പ്രചാരണത്തിൽ മുന്നോട്ടുപോകണമെന്നും ഖർഗെ ആവശ്യപ്പെട്ടു. നേരിട്ടുകണ്ടു സംസാരിക്കണമെന്നതായിരുന്നു സുധാകരന്റെ ആവശ്യം. ബെംഗളൂരുവിൽ നിന്നു 2 ദിവസത്തിനുള്ളിൽ തിരിച്ചെത്തിയ ശേഷം രാഹുൽ ഗാന്ധിയുമൊന്നിച്ചു സുധാകരനെ കാണാമെന്നു ഖർഗെ അറിയിച്ചു. ഇതോടെയാണ് മഞ്ഞുരുകിയത്. തന്റെ വാക്കുകൾ രാഹുലിന്റേതു കൂടിയായി കണക്കാക്കണമെന്നും ഖർഗെ പറഞ്ഞതോടെ മഞ്ഞുരുകി.

24 MINUTES AGO

30 MINUTES AGO

40 MINUTES AGO