Malayalam News


പാർട്ടിയെ ഒറ്റുകൊടുക്കില്ലെന്ന് കുന്നപ്പിള്ളി; കൊച്ചിയിൽ ഷിയാസ്, തൃപ്പൂണിത്തുറയിൽ ദീപക്, വൈപ്പിനിൽ ടോണി


കൊച്ചി ∙ ‘‘നിരാശയും വേദനയുമുണ്ട്, ഞാൻ കോണ്‍ഗ്രസ് പാർട്ടിയോട് വിധേയപ്പെട്ടു നിൽക്കുന്നു. മുന്നോട്ട് എന്തു ചെയ്യണമെന്ന് പെരുമ്പാവൂരിലെ സഹപ്രവർത്തകരോട് ആലോചിച്ച് തീരുമാനിക്കും. പക്ഷേ പാർട്ടിയെ ഒറ്റു കൊടുക്കില്ല’’, കോൺഗ്രസ് രണ്ടാംഘട്ട പട്ടിക പുറത്തു വന്നതിനു പിന്നാലെ തനിക്ക് സ്ഥാനാർഥിത്വം നിഷേധിച്ചതിനെ കുറിച്ച് പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി പ്രതികരിച്ചത് ഇങ്ങനെ. തനിക്ക് സ്ഥാനാർഥിത്വം നിഷേധിക്കപ്പെട്ടതിനു പിന്നിൽ സംസ്ഥാനത്തെ ചില നേതാക്കളാണെന്നും ലൈംഗികാതിക്രമ കേസിന്റെ പേരിൽ അവർ പാർട്ടി ഹൈക്കമാൻഡിനെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്ന സൂചനയും എൽദോസ് പങ്കുവച്ചു. എൽദോസിന് പകരം എറണാകുളം ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് മനോജ് മൂത്തേടൻ പെരുമ്പാവൂരിൽ മത്സരിക്കും. തർക്കങ്ങളും അഭ്യൂഹങ്ങളും നിലനിന്ന തൃപ്പൂണിത്തുറ, കൊച്ചി, വൈപ്പിൻ മണ്ഡലങ്ങളിലും കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.

തൃപ്പൂണിത്തുറയിൽ കൊച്ചി കോർപറേഷൻ ഡപ്യൂട്ടി മേയറും എ ഗ്രൂപ്പുകാരനുമായ ദീപക് ജോയി മത്സരിക്കും. എ ഗ്രൂപ്പിന്റെ ജില്ലയിലെ മുതിർന്ന നേതാവും സിറ്റിങ് എംഎല്‍എയുമായ കെ.ബാബു തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നു പിന്മാറിയിരുന്നു. കെ.ബാബുവിന്റെ കൂടി താൽപര്യത്തിലാണ് ദീപക് ജോയിക്ക് തൃപ്പൂണിത്തുറ സ്ഥാനാർഥിത്വം എന്നാണ് വിവരം. കഴിഞ്ഞ തവണ വൈപ്പിനിൽ സിറ്റിങ് എംഎൽഎ െക.എൻ.ഉണ്ണികൃഷ്ണനോട് ദീപക് പരാജയപ്പെട്ടിരുന്നു. ഇത്തവണയും ഇരുവരുമാണ് തൃപ്പൂണിത്തുറയിൽ മാറ്റുരയ്ക്കുന്നത്. എൻഡിഎയ്ക്കു വേണ്ടി ട്വന്റി 20യുടെ നടി അഞ്ജലി നായരും മത്സരിക്കുന്നു. ഇതിനു പുറമെ വൈപ്പിനിലും എ ഗ്രൂപ്പുകാരനും കൊച്ചി കോർപറേഷന്‌‍ മുൻ മേയറുമായ ടോണി ചമ്മിണി മത്സരിക്കും. നേരത്തെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പക്ഷക്കാരനായ യൂത്ത് കോൺഗ്രസ് നേതാവ് ഷാരോൺ പനയ്ക്കലിന്റെ പേരാണ് ഇവിടെ പറഞ്ഞുകേട്ടിരുന്നതെങ്കിലും ടോണി ചമ്മിണിക്കാണ് നറുക്കു വീണത്. കഴിഞ്ഞ തവണ കൊച്ചി മണ്ഡലത്തിൽ സിപിഎമ്മിന്റെ കെ.ജെ.മാക്സിയോട് ടോണി പരാജയപ്പെട്ടിരുന്നു.

ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസിന് സീറ്റു നൽകുന്നതുമായി ബന്ധപ്പെട്ടായിരുന്നു ജില്ലയില്‍ ഏറ്റവുമധികം കൂടിയാലോചനകൾ നടന്നത്. ഷിയാസിന് സീറ്റ് നല്‍കണമെന്ന് വി.ഡി.സതീശൻ കടുംപിടുത്തം പിടിക്കുകയും ചെയ്തു. ഇതോടെയാണ് കൊച്ചിയിൽ ഷിയാസിന് സ്ഥാനാർഥിത്വം ഒരുങ്ങിയത്. കൊച്ചി കോർപറേഷൻ കൗൺസിലറും മേയർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന ആളുമായി കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസും ഈ സീര്റിനു വേണ്ടി രംഗത്തുവന്നിരുന്നു. ഒടുവിൽ ഷിയാസിന് സ്ഥാനാർഥിത്വം ഉറപ്പാവുകയായിരുന്നു. തൃപ്പൂണിത്തുറ, കൊച്ചി, വൈപ്പിന്‍ എന്നിവിടങ്ങളിലെ സ്ഥാനാർതി നിർണയം സാമുദായിക സമവാക്യങ്ങൾ കൂടി പരിഗണിച്ചുകൊണ്ടാണ് തീരുമാനിച്ചിട്ടുള്ളത്.

പെരുമ്പാവൂർ ആയിരുന്നു ഏറെ ശ്രദ്ധയാകർഷിച്ച മറ്റൊരു മണ്ഡലം. സിറ്റിങ് എംഎൽഎമാരിൽ കെ.ബാബുവും പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലും ഒഴികെയുള്ളവർക്ക് സീറ്റ് നൽകുമെന്നായിരുന്നു തുടക്കത്തിൽ പുറത്തുവന്ന വാർത്തകൾ. എന്നാൽ ഇതിനിടിയിൽ എൽദോസ് കുന്നപ്പിള്ളിക്കും സീറ്റ് നിഷേധിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ പുറത്തു വന്നിരുന്നു. എൽദോസിന് എതിരായ ലൈംഗികാതിക്രമ കേസും മണ്ഡലത്തിലെ മോശം പ്രവർത്തനവുമാണ് കാരണമായി ചൂണ്ടിക്കാട്ടപ്പെട്ടത്. എന്നാൽ തന്നോട് ‘പന്തിയിൽ പക്ഷഭേദം കാട്ടി’ എന്നാണ് കുന്നപ്പിള്ളിയുടെ ആരോപണം. തനിക്കെതിരെയുള്ള സമാന ആരോപണം പേറുന്നവർക്കും സിപിഎമ്മിൽ നിന്ന് വന്നവർക്കും സീറ്റ് ലഭിച്ചപ്പോൾ തന്നോട് മറ്റൊരു സമീപനം കാട്ടി എന്നാണ് ഇന്ന് പട്ടിക പുറത്തു വന്നതിനു പിന്നാലെ കുന്നപ്പിള്ളി ആരോപിച്ചത്. തനിക്ക് സീറ്റ് നിഷേധിക്കുകയാണെങ്കിൽ അക്കാര്യം നേരത്തെ പറയാമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. കുന്നപ്പള്ളിയെ അനുകൂലിച്ചുകൊണ്ട് പെരുമ്പാവൂരിൽ രണ്ടു തവണ ഇന്ന് പ്രകടനം നടക്കുകയും ചെയ്തു. കൂടെയുള്ളവരോട് ആലോചിച്ച് അടുത്ത് നടപടി തീരുമാനിക്കുമെന്ന് പറയുമ്പോഴും പാർട്ടിക്ക് വിധേയനായി നിൽക്കുമെന്ന സൂചനയാണ് എൽദോസ് കുന്നപ്പിള്ളി നൽകുന്നത്.

പെരുമ്പാവൂരിൽ സീറ്റ് നിഷേധിക്കപ്പെട്ടതിനു പിന്നാലെ ‘പുതിയ സ്ഥാനാർഥി’ക്ക് മുഖം കൊടുക്കാതെ സിറ്റിങ് എംഎൽഎ എൽദോസ് കുന്നപ്പിള്ളി. സ്ഥാനാർഥി പ്രഖ്യാപനത്തിനു പിന്നാലെ എൽദോസിനെ കാണാൻ സ്ഥാനാർഥി മനോജ് മൂത്തേടൻ അദ്ദേഹത്തിന്റെ പെരുമ്പാവൂർ പുല്ലുവഴിയിലുള്ള വീട്ടിലെത്തിയെങ്കിലും ആളുണ്ടായിരുന്നില്ല. ഭക്ഷണം കഴിക്കാൻ പുറത്തേക്ക് പോയി എന്നാണ് മൂത്തേടനോട് വീട്ടിലുണ്ടായിരുന്നവർ അറിയിച്ചത്. എൽദോസുമായി ഫോണിൽ സംസാരിക്കാൻ മൂത്തേടൻ ശ്രമിച്ചിട്ടും സാധിച്ചില്ല എന്നാണ് വിവരം. ഫ്രാൻസിസ് ജോർജ് എംപിയും ഇന്നു രാവിലെ എൽദോസിന്റെ മൂവാറ്റുപുഴയിലെ വീട്ടിലെത്തിയെങ്കിലും ഇവിടെയും എൽദോസ് ഉണ്ടായിരുന്നില്ല. സ്ഥാനാർഥിത്വം നിഷേധിച്ചതിൽ ഇന്നു തീരുമാനം പറയുമെന്നായിരുന്നു ഇന്നലെ രാത്രി എൽദോസ് വ്യക്തമാക്കിയത്.

19 MINUTES AGO

1 HOUR 7 MINUTES AGO

1 HOUR 24 MINUTES AGO