വോട്ടർപട്ടികയിൽ പേരില്ല; വീണനായർക്ക് പകരം ആതിര ഡി.നായർ
കൊച്ചി ∙ വോട്ടർപട്ടികയിൽ പേരില്ലാത്തതുകൊണ്ട് നടി വീണ നായർക്കു പകരം 25കാരിയായ ആതിര ഡി.നായരെ ഏറ്റുമാനൂർ സ്ഥാനാർഥിയായി പ്രഖ്യാപിച്ച് ട്വന്റി 20. വോട്ടർപട്ടികയിൽ പേരില്ലാത്തതിന്റെ പേരിൽ നടി ലക്ഷ്മിപ്രിയയ്ക്ക് പകരം ജിബി വർഗീസ് പാത്തിക്കലിനെ എൻഡിഎയുടെ പെരുമ്പാവൂർ സ്ഥാനാർഥിയായി ട്വന്റി 20 നേരത്തെ പ്രഖ്യാപിച്ചിരുന്നു. സ്ഥാനാർഥി പ്രഖ്യാപനം കഴിഞ്ഞ് 2 ദിവസത്തിനുള്ളിലാണ് രണ്ടു മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ എൻഡിഎയ്ക്ക് മാറ്റേണ്ടി വന്നത്. ഇതുൾപ്പെടെ 3 മണ്ഡലങ്ങളിൽ കൂടി ട്വന്റി 20 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. എൻഡിഎ മുന്നണിയിൽ ആകെ 20 സീറ്റിലാണ് ട്വന്റി 20 മത്സരിക്കുന്നത്.
പെരുമ്പാവൂർ സ്ഥാനാർഥിയായി പ്രഖ്യാപിച്ച നടി ലക്ഷ്മിപ്രിയുടെ പേര് വോട്ടർപട്ടികയിൽ ഇല്ലെന്ന് വ്യക്തമായതിനു പിന്നാലെയാണ് ഏറ്റുമാനൂരിലെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച വീണ നായരുടെ പേരും വോട്ടർ പട്ടികയിലില്ലെന്ന വിവരം പുറത്തു വന്നത്. തുടർന്ന് നർത്തകിയും സംഗീതജ്ഞയും സമൂഹ മാധ്യമ ഇൻഫ്ലുവൻസറുമായ ആതിരയെ ഏറ്റുമാനൂർ സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയായിരുന്നു. കമ്പ്യൂട്ടർ സയൻസിൻ ബിരുദാനന്തര ബിരുദമുള്ള ആതിര രണ്ടര വർഷം കോളജ് അധ്യാപികയായും പ്രവർത്തിച്ചു. നേരത്തെ പെരുമ്പാവൂരിൽ ലക്ഷ്മിപ്രിയയ്ക്ക് പകരം നിശ്ചയിച്ച ജിബി വർഗീസ് പെരുമ്പാവൂര്‍ അല്ലപ്ര സ്വദേശിയും യാക്കോബായ സഭ മാനേജിങ് കമ്മറ്റി അംഗവുമാണ്.
ഇതിനു പുറമെ മൂവാറ്റുപുഴ മണ്ഡലത്തിൽ സ്ഥാനാർഥിയായി ഇടുക്കി ചെമ്പകപ്പാറ സ്വദേശിയായ സണ്ണി കടൂത്താഴെയെ പ്രഖ്യാപിച്ചു. മോട്ടിവേഷണൽ ട്രെയിനറും കത്തോലിക്ക കോൺഗ്രസ് കോതമംഗലം രൂപ പ്രസിഡന്റ്, പാസ്റ്ററൽ കൗൺസിൽ അംഗവുമാണ്. പത്തനാപുരത്ത് മുൻ വ്യോമസേനാ അംഗവും മാനേജ്മെന്റ് വിദഗ്ധനുമായ അനിൽ കുമാർ എസിനെ (അനിൽ പിള്ള) എൻഡിഎ സ്ഥാനാർഥിയായി ട്വന്റി 20 പ്രഖ്യാപിച്ചു. മോട്ടിവേഷണൽ കോച്ച്, കരിയര്‍ കൗണ്‍സിലർ, ആർടിഐ പ്രവർത്തകൻ എന്ന നിലയിലും സജീവമാണ്. ട്വന്റി 20 മത്സരിക്കുന്ന പുനലൂരിൽ അഭിഭാഷകനായ ബി.രഘുനാഥൻ പിള്ള (രഘുനാഥ് കമുകുംചേരി)യാണ് സ്ഥാനാർഥി. ബിജെപി അംഗമാണ്. ലക്ഷ്മിപ്രിയയ്ക്കും വീണ നായർക്കും പുറമെ തൃപ്പൂണിത്തുറയിൽ നടി അഞ്ജലി നായർ, തൃക്കാക്കരയിൽ റിയാലിറ്റി ഷോ വിജയിയും സംവിധായകനുമായ അഖിൽ മാരാർ തുടങ്ങിയവരുടെ സ്ഥാനാർഥിത്വവും ട്വന്റി 20 പ്രഖ്യാപിച്ചിരുന്നു.
1 HOUR 2 MINUTES AGO
1 HOUR 5 MINUTES AGO
4 HOURS 26 MINUTES AGO