Malayalam News


വാതകപ്പാടത്തിന് നേരെ ഇസ്രയേൽ ആക്രമണം; ഡോ.വന്ദനദാസ് കൊലക്കേസ്: വിധി 21ന് - പ്രധാന വാർത്തകൾ


സൗത്ത് പാഴ്സ് വാതകപ്പാടത്തിനു നേരെയുണ്ടായ ഇസ്രയേൽ ആക്രമണത്തിനു പിന്നാലെ ഗൾഫ് രാജ്യങ്ങൾക്കുനേരെ ഇറാൻ ആക്രമണം കടുപ്പിച്ചെന്ന വാർത്ത ഏറെ ശ്രദ്ധിക്കപ്പെട്ടു. സ്ഥാനാർഥിത്വത്തിനായി എൽദോസ് കുന്നപ്പിള്ളി പെരുമ്പാവൂരിൽ സമ്മർദം ശക്തമാക്കിയതോടെ കോൺഗ്രസ് പ്രതിസന്ധിയില്‍ എന്ന വാർത്തയും തലക്കെട്ടുകളിൽ ഇടംനേടി. വായിക്കാം പ്രധാന വാർത്തകൾ

സൗത്ത് പാഴ്സ് വാതകപ്പാടത്തിനു നേരെയുണ്ടായ ഇസ്രയേൽ ആക്രമണത്തിനു പിന്നാലെ ഗൾഫ് രാജ്യങ്ങൾക്കുനേരെ ആക്രമണം കടുപ്പിച്ച് ഇറാൻ. ഗൾഫ് രാജ്യങ്ങളിലെ എണ്ണ ശുദ്ധീകരണ ശാലകളിൽ ഇറാൻ ആക്രമണം നടത്തി. ഖത്തറിലെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റി, കുവൈത്തിലെ മിനാ അൽ അഹമ്മദി റിഫൈനറി, മിനാ അബ്ദുല്ല റിഫൈനറി, യുഎഇയിലെ ഹബ്ഷാൻ ഗ്യാസ് ഫെസിലിറ്റി, ബാബ് എണ്ണപ്പാടം, സൗദി അറേബ്യയിലെ സാംറെഫ് റിഫൈനറി എന്നിവിടങ്ങളിലാണ് വ്യാഴാഴ്ച ആക്രമണമുണ്ടായത്.

ഡോ. വന്ദന ദാസ് കൊലക്കേസിൽ ശിക്ഷ സംബന്ധിച്ച വാദം പൂര്‍ത്തിയാക്കി വിധി 21ന് പ്രഖ്യാപിക്കും. കേസ് അപൂർവങ്ങളിൽ അപൂർവമെന്ന് പരിഗണിച്ച പ്രതി സന്ദീപിന് പരമാമധി പരാമവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. പ്രതിയുടെ പ്രായവും പ്രായമായ അമ്മയെ ശുശ്രൂഷിക്കേണ്ടയാളെന്നും കണക്കിലെടുത്ത് ശിക്ഷയിൽ ഇളവ് കൊടുക്കണമെന്ന് പ്രതിഭാഗവും വാദിച്ചു. ശിക്ഷ സംബന്ധിച്ച വാദത്തിനിടെ പ്രതിയും പ്രതിയുടെ മാതാവും ഡോ. വന്ദനയുടെ മാതാവും പൊട്ടിക്കരഞ്ഞു.

സ്ഥാനാർഥിത്വത്തിനായി എൽദോസ് കുന്നപ്പിള്ളി പെരുമ്പാവൂരിൽ സമ്മർദം ശക്തമാക്കിയതോടെ കോൺഗ്രസ് പ്രതിസന്ധിയില്‍. അദ്ദേഹത്തിന് സീറ്റു നൽകണമെന്ന് ആവശ്യപ്പെട്ട് നൂറുകണക്കിന് പ്രവർത്തകർ പെരുമ്പാവൂർ കുറുപ്പംപടിയിൽ പ്രകടനം നടത്തി. എന്നാൽ കുന്നപ്പിള്ളിക്ക് ഇത്തവണ സീറ്റ് നൽകിയേക്കില്ല എന്നാണു പുറത്തുവരുന്ന സൂചനകൾ.

ട്വന്റി 20 പെരുമ്പാവൂർ സ്ഥാനാർഥിയായി പ്രഖ്യാപിച്ച നടി ലക്ഷ്മിപ്രിയയ്ക്ക് പിന്നാലെ ഏറ്റുമാനൂരിലെ സ്ഥാനാർഥി വീണാ നായരുടെ പേരും വോട്ടർ പട്ടികയിലില്ല. ലക്ഷ്മിപ്രിയയ്ക്ക് പകരം ട്വന്റി 20 പെരുമ്പാവൂരിൽ ജിബി വർഗീസ് പാത്തിക്കലിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. വീണയ്ക്കു പകരം പുതിയ സ്ഥാനാർഥിയെ പ്രഖ്യാപിച്ചേക്കും.

സീറ്റ് വിഭജനതര്‍ക്കത്തെ തുടര്‍ന്ന് ഇടതുമുന്നണിയിലെ ഘടകകക്ഷിയായ ആര്‍ജെഡിയില്‍ കടുത്ത ഭിന്നത. മൂന്നു സീറ്റ് മാത്രം നല്‍കാനുള്ള സിപിഎം തീരുമാനം സംസ്ഥാന നേതൃത്വം അംഗീകരിച്ചതിനെ എതിര്‍ത്ത് മുന്‍മന്ത്രി സുരേന്ദ്രന്‍ പിള്ള വിഭാഗം ആര്‍ജെഡിയില്‍നിന്നു രാജിവച്ചു.

1 MINUTE AGO

1 HOUR 7 MINUTES AGO

1 HOUR 29 MINUTES AGO