Malayalam News


നാമനിർദേശ പത്രിക സമർപ്പിച്ച് പിണറായി വിജയൻ; ‘പറയാനുണ്ട്, പിന്നെപ്പറയാം’ എന്ന് പ്രതികരണം


കണ്ണൂർ ∙ മുഖ്യമന്ത്രി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു. തലശ്ശേരി സബ് റജിസ്ട്രാർ ഓഫിസിൽ എത്തിയാണ് 11 മണിക്ക് പത്രിക സമർപ്പിച്ചത്. ധർമടം മണ്ഡലത്തിലെ ആദ്യത്തെ പത്രിക സമർപ്പണം നടത്തിയത് പിണറായി വിജയനാണ്. റിട്ടേണിങ് ഓഫിസർ സച്ചിൻ കൃഷ്ണയ്ക്കാണ് പത്രിക സമർപ്പിച്ചത്. 

പിണറായിയിലെ അദ്ദേഹത്തിന്റെ വീടിന് സമീപത്തെ പാണ്ട്യാല മുക്കിൽ നിന്ന് വാഹനപ്രചാരണമായി സബ് റജിസ്ട്രാർ ഓഫിസിലെത്തി പത്രിക സമർപ്പിക്കാനായിരുന്നു തീരുമാനമെങ്കിലും വാഹന പ്രചാരണം ഒഴിവാക്കി. പ്രവർത്തകർ ഉൾപ്പെടെയുള്ളവരുെട വാഹന അകമ്പടിയോടെ റജിസ്ട്രാർ ഓഫിസിലേക്ക് എത്തുകയായിരുന്നു. സ്പീക്കർ എ.എൻ. ഷംസീർ, സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ, ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്, പി. ശശി, കൊച്ചുമകൻ ഇഷാൻ വിജയൻ, അടുത്ത സുഹൃത്ത് കെ.ടി. വാസു തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. 10.50ന് പിണറായി വിജയൻ ഓഫിസ് പരിസരത്ത് എത്തി. 10.56ന് ഓഫിസിന് അകത്തേക്ക് പ്രവേശിച്ചു. 11 മണിക്കാണ് പത്രിക സമർപ്പിക്കുന്നത് എന്ന് റിട്ടേണിങ് ഓഫിസറെ അറിയിച്ചു. തുടർന്ന് 11 മണി ആകുന്നതുവരെ കാത്തിരുന്നു. 11 ആയതോടെ പത്രിക റിട്ടേണിങ് ഓഫിസർക്ക് കൈമാറി. ഉദ്യോഗസ്ഥർ പ്രാഥമിക പരിശോധന നടത്തുകയും മുഖ്യമന്ത്രി ഒപ്പിട്ടു നൽകുകയും ചെയ്തു. 11.11ന് നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഓഫിസിന് പുറത്തിറങ്ങി.  

പിന്നാലെ മാധ്യമ പ്രവർത്തകർ മുഖ്യമന്ത്രിയെ വളഞ്ഞു. ‘പറയാനുണ്ട്, പിന്നെപ്പറയാം’ എന്നാണ് മാധ്യമ പ്രവർത്തകരോട് അദ്ദേഹം പ്രതികരിച്ചത്. തുടർന്ന് അദ്ദേഹം മലപ്പുറത്തേക്ക് യാത്ര തിരിച്ചു. വൈകിട്ട് മലപ്പുറത്ത് വിവിധ പരിപാടികളിൽ പങ്കെടുക്കും.   

മണ്ഡലത്തിൽ മുഴുവൻ സമയം പ്രചാരണത്തിന് ഉണ്ടാകില്ലെന്ന് അദ്ദേഹം ഇന്നലെ മമ്പറത്ത് നടത്തിയ പ്രസംഗത്തിനിെട സൂചിപ്പിച്ചു. ടീമിനെ നയിക്കുന്ന നേതാവ് എന്ന നിലയിൽ മറ്റു സ്ഥലങ്ങളിലും പ്രചാരണത്തിന് എത്തണം. മണ്ഡലത്തിലെ വോട്ടർമാെര കാണുന്ന പ്രവർത്തനം പാർട്ടി പ്രവർത്തകർ ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി. അബ്ദുൽ റഷീദാണ് ധർമടത്ത് യുഡിഎഫ് സ്ഥാനാർഥി.

7 MINUTES AGO

14 MINUTES AGO

15 MINUTES AGO