Malayalam News


‘തള്ളിക്കളയുന്ന കല്ല് മൂലക്കല്ലാകും’; സ്വതന്ത്രനായി മത്സരിക്കാൻ എൽദോസ് കുന്നപ്പിള്ളി?


കൊച്ചി∙ സ്ഥാനാർഥിത്വത്തിനായി എൽദോസ് കുന്നപ്പിള്ളി പെരുമ്പാവൂരിൽ സമ്മർദം ശക്തമാക്കിയതോടെ കോൺഗ്രസ് പ്രതിസന്ധിയില്‍. അദ്ദേഹത്തിന് സീറ്റു നൽകണമെന്ന് ആവശ്യപ്പെട്ട് നൂറുകണക്കിന് പ്രവർത്തകർ പെരുമ്പാവൂർ കുറുപ്പംപടിയിൽ പ്രകടനം നടത്തി. എന്നാൽ കുന്നപ്പിള്ളിക്ക് ഇത്തവണ സീറ്റ് നൽകിയേക്കില്ല എന്നാണു പുറത്തുവരുന്ന സൂചനകൾ. പകരം എറണാകുളം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് മനോജ് മൂത്തേടനെ പെരുമ്പാവൂരിൽ പരിഗണിച്ചേക്കും. അങ്ങനെയെങ്കിൽ സ്വതന്ത്രനായി മത്സരിക്കാനൊരുങ്ങുകയാണ് എൽദോസ് കുന്നപ്പിള്ളി. ഇടതുപാർട്ടികളും എൻഡിഎയും ഇതിനകം തന്നെ പെരുമ്പാവൂരിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.

കോൺഗ്രസിന്റെ സ്ഥാനാർഥി പട്ടിക പുറത്തുവന്നതിനു ശേഷം കുന്നപ്പിള്ളി നിലപാട് പ്രഖ്യാപിക്കും. സ്വതന്ത്രനായി മത്സരിക്കുന്ന കാര്യത്തിൽ കുന്നപ്പിള്ളി അഭിപ്രായം പ്രകടിപ്പിച്ചിട്ടില്ലെങ്കിലും അദ്ദേഹത്തോടടുത്ത വൃത്തങ്ങൾ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. മത്സരിക്കുന്ന സാഹചര്യം ഒഴിവാക്കാൻ കോൺഗ്രസ് നേതാക്കളിൽ നിന്നും കുന്നപ്പിള്ളിക്ക് മേലും സമ്മർദമുണ്ട്. 2016ലും 2021ലും പെരുമ്പാവൂരിൽ നിന്ന് വിജയിച്ച കുന്നപ്പിള്ളിക്ക് ഇത്തവണയും സീറ്റ് ലഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ കുന്നപ്പിള്ളിക്കെതിരായ ലൈംഗികാതിക്രമ കേസ് കോടതി അടുത്തു തന്നെ പരിഗണിക്കാനിരിക്കുന്ന സാഹചര്യത്തിൽ റിസ്ക് എടുക്കേണ്ടതുണ്ടോ എന്ന ഹൈക്കമാൻഡ് നിലപാട് അദ്ദേഹത്തിന് എതിരാവുകയായിരുന്നു. ഹൈക്കമാൻഡിനെ അനുനയിപ്പിക്കാന്‍ കുന്നപ്പിള്ളി ഡൽഹി സന്ദർശിച്ചെങ്കിലും കാര്യമായ ഫലം കണ്ടില്ല എന്നാണ് സൂചനകൾ. 

കുന്നപ്പിള്ളി തിരിച്ചു വന്നതിനു ശേഷമാണ് അദ്ദേഹത്തിന് അനുകൂലമായി പാർട്ടി പ്രവർത്തകർ പ്രകടനം നടത്തിയത്. പഞ്ചായത്ത് പ്രസിഡന്റുമാർ, ഡിസിസി ഭാരവാഹികൾ അടക്കം നൂറിലേറെ പേർ പ്രകടനത്തിൽ പങ്കെടുത്തു. ‘തള്ളിക്കളയുന്ന കല്ല് മൂലക്കല്ലാകും’ എന്ന ബൈബിൾ വാക്യം ഉദ്ധരിച്ചുകൊണ്ട് ‘തള്ളിക്കളയുന്ന കല്ല് മൂലക്കല്ലാകുന്നതായിരിക്കും ഇവിടെ സംഭവിക്കുന്നത്’ എന്ന് സ്വതന്ത്രനായി മത്സരിക്കുന്ന കാര്യത്തെക്കുറിച്ച് കുന്നപ്പിള്ളി പ്രതികരിച്ചു. തന്നെ പാർട്ടി തള്ളിക്കളയില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

സിറ്റിങ് എംഎൽഎമാർക്ക് സീറ്റു നൽകാൻ ഹൈക്കമാൻഡ് തീരുമാനിച്ചു. എന്റെ പേരു മാത്രം മാറ്റിവച്ചു. എനിക്കെതിരായ ആരോപണത്തിന് സമാനമായ ആരോപണം നേരിടുന്നവർ മുമ്പും ഇപ്പോഴും ഉണ്ടായിട്ടുണ്ട്. ഞാൻ ഒരു തെറ്റും ചെയ്യാത്തയാളാണ്. ഞാനത് കോടതിയിൽ പറഞ്ഞിട്ടുണ്ട്. എന്റെ വാദം വേഗം തീർക്കണമെന്ന് ഞാനാണ് സെഷൻസ് കോടതിയിൽ ആവശ്യപ്പെട്ടത്. പട്ടിക പുറത്തു വന്നതിനു ശേഷം സ്ഥാനാർഥിത്വ കാര്യത്തിൽ തീരുമാനം പറയാമെന്നുമാണ് എൽ‍ദോസ് കുന്നപ്പിള്ളി പ്രതികരിച്ചത്.

1 HOUR 2 MINUTES AGO

1 HOUR 5 MINUTES AGO

4 HOURS 26 MINUTES AGO