Malayalam News


ചർച്ചകൾ പിറന്ന ഇടം, ഇന്ന് ഉമ്മൻചാണ്ടിയും മാണിയും ഇല്ല; തിരഞ്ഞെടുപ്പ് ബഹളമില്ലാതെ നാട്ടകം


കോട്ടയം∙ പൊലീസ് അകമ്പടിയോടെ ചീറിപ്പാഞ്ഞു വരുന്ന സ്റ്റേറ്റ് കാറുകൾ, എംഎൽഎ ബോർഡ് വച്ച് വാഹനങ്ങൾ, മുറ്റത്തും പടിക്കെട്ടിലും മുറികളു‌‌ടെ മുന്നിലും കാത്തുനിൽക്കുന്നവരുടെ കുട്ടങ്ങൾ, അതിനിടയിലൂടെ തിരക്കിട്ടു നടക്കുന്നവർ. ഇതായിരുന്നു കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു വരെ ഈ കെട്ടിടത്തിനു മുന്നിലുള്ള കാഴ്ചകൾ. എന്നാൽ ഇന്ന് ആളും അനക്കവുമില്ലാതെ നിശ്ശബ്ദമാണ് ഇവിടം. ഒരു കാലത്ത് കോൺഗ്രസിന്റെയും കേരള കോൺഗ്രസിന്റെയും പ്രധാന തീരുമാനങ്ങളിൽ പലതും പിറന്ന ഒരിടമാണിത്. കോട്ടയത്ത് രാഷ്ട്രീയക്കാരുടെ ഇഷ്ടതാവളം – നാട്ടകം ഗെസ്റ്റ് ഹൗസ്. സീറ്റ് ചർച്ചകൾ തുടങ്ങുമ്പോൾ മുതൽ നാട്ടകം ഗെസ്റ്റ് ഹൗസ് ഹൗസ്ഫുള്ളായിരുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെയും മുൻ മന്ത്രി കെ.എം.മാണിയുടെയും ഇഷ്ട ഇടം. കോട്ടയത്തുള്ളപ്പോഴെല്ലാം രണ്ടുപേരും ഇവിടെ എത്താറുണ്ടായിരുന്നു.

∙ എല്ലാം വിജനം, ഗെസ്റ്റ് ഹൗസിൽ നിർമാണപ്രവർത്തനങ്ങൾ ഗെസ്റ്റ് ഹൗസിലേക്കുള്ള ആ ബോർഡ് റോഡിൽ നിന്ന് കാണുമ്പോഴേ അറിയാം ഉൾഭാഗം വിജനമാണെന്ന്. തൊട്ടടുത്തുള്ള ബസ് സ്റ്റോപ്പിൽ ബസ് കാത്തുനിൽക്കുന്ന സ്കൂൾ കുട്ടികളുടെ കലപില മാത്രമാണ് ഇപ്പോഴത്തെ അവിടുത്തെ ശബ്ദം. ഗേറ്റ് കടന്ന് ഉള്ളിലേക്കു കയറിയാൽ വഴിയുടെ രണ്ടുവശത്തും പടർന്നുകിടക്കുന്ന ചെടികളും മരങ്ങളും. ഗെസ്റ്റ് ഹൗസിൽ ഇപ്പോൾ നിർമാണപ്രവർ‍ത്തനങ്ങൾ നടക്കുകയാണ്. പലയിടവും പൊളിച്ചിട്ടിട്ടുണ്ട്. മുറികളുടെ നിലവും വയറിങ്ങുമെല്ലാം ഇളക്കിയിട്ട നിലയിലാണ്.

‘‘പഴയകാലത്തൊക്കെ എപ്പോഴും രാഷ്ട്രീയക്കാരുടെ ബഹളമാണ്. തിരഞ്ഞെടുപ്പു പ്രഖ്യാപിച്ച് കഴിഞ്ഞാൽ പിന്നെ നേതാക്കളുടെ വരവ് നിൽക്കും. പിന്നെ പല സംസ്ഥാനങ്ങളിൽ നിന്നും മറ്റും എത്തുന്ന തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരാണ് ഇവിടെ ഉണ്ടാകാറുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പ് വരെ അതായിരുന്നു സ്ഥിതി. എന്നാൽ ഇത്തവണ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതുകൊണ്ട് ആരും വരുന്നില്ല. മുറികളും ഹാളും എല്ലാം പൊളിച്ചിട്ടിരിക്കുകയാണ്’’ – ഗെസ്റ്റ് ഹൗസ് ജീവനക്കാരൻ പറഞ്ഞു.

3 മാസമായി ഗെസ്റ്റ് ഹൗസിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുകയാണ്. ഹാളിന്റെയും മുറികളുടെയും നിലം പുതുക്കി പണിയുന്നുണ്ട്. വയറിങ് ജോലികളും നടക്കുന്നുണ്ട്. ഓഫിസ് മുറികളും ഹാളുകളും അടക്കം എല്ലായിടത്തും സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലാണ്. പുറത്തു വാട്ടർ ടാങ്കിന്റെയും മറ്റും നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. പണി 2 മാസം കൂടി നീളും. 10 ജീവനക്കാരാണ് ഗെസ്റ്റ് ഹൗസിലുള്ളത്. എന്നാൽ ഇപ്പോൾ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതു കൊണ്ട് പലരും ടേൺ വച്ച് വന്നുപോകാറാണ് പതിവ്.

A post shared by Manorama Online (@manoramaonline)

∙ ഉമ്മൻചാണ്ടിക്കൊപ്പം വർഷങ്ങളായി... നാട്ടകം ഗെസ്റ്റ് ഹൗസിൽ ഏറ്റവും കൂടുതൽ താമസിച്ചതാരാണ്? ഉത്തരങ്ങളിൽ ഉമ്മൻ ചാണ്ടിയുടെ പേര് ആദ്യം തന്നെയുണ്ടാകും. അദ്ദേഹത്തിനൊപ്പം 18 വർഷത്തോളം സന്തതസഹചാരിയായിരുന്ന സിബി കൊല്ലാടും ഗെസ്റ്റ് ഹൗസിലെ പതിവുകാരനാണ്. ‘‘തിരഞ്ഞെടുപ്പൊക്കെ അടുത്തു കഴിഞ്ഞാൽ ഇവിടെ വലിയ ബഹളമാണ്. ഉമ്മൻ ചാണ്ടി സാറിനെ കാണാൻ പലയിടങ്ങളിൽ നിന്നാണ് ആളുകൾ എത്താറുള്ളത്. പലരും സീറ്റ് ആവശ്യം പറഞ്ഞ് എത്തുന്നവരാണ്. ഒരു മണ്ഡലത്തിൽനിന്നു തന്നെ ചിലപ്പോൾ ഒന്നിൽ കൂടുതൽ ആളുകൾ എത്താറുണ്ട്. അവരോടെല്ലാം സംസാരിച്ച് അദ്ദേഹം തീരുമാനമെടുക്കുന്നത് പലപ്പോഴും ഇവിടെ നിന്നാണ്. സീറ്റ് ലഭിക്കാത്തവർ പോലും അദ്ദേഹത്തിന്റെ മുറിയിൽ നിന്ന് സന്തോഷത്തോടെ ഇറങ്ങിപ്പോകുന്നത് ഞാൻ കണ്ടിട്ടുണ്ട്. ശനി ഞായർ ദിവസങ്ങളിലാണ് അധികവും ഇവിടെ എത്തിയിരുന്നത്. കേരള കോൺഗ്രസും കോൺഗ്രസുകാരുമല്ലാതെ മറ്റു പാർട്ടികളിലെ നേതാക്കൾ കൂടുതലായി ഇവിടെ താമസിക്കുന്നത് കണ്ടിട്ടില്ല ’’ – സിബി പറഞ്ഞു.

2 HOURS 5 MINUTES AGO

2 HOURS 23 MINUTES AGO

2 HOURS 53 MINUTES AGO