Malayalam News


മടവാക്കരയിൽ എൽപിജി പൈപ്പ് ലൈനിൽ വൻ ഗ്യാസ് ചോർച്ച; തീയും വൈദ്യുത ഉപകരണങ്ങളും ഉപയോഗിക്കുന്നത് വിലക്കി


പാലിയേക്കര ∙ മടവാക്കരയിൽ എൽപിജി പൈപ്പ് ലൈനിലുണ്ടായ വാതക ചോർച്ച തടയാനുള്ള ശ്രമം തുടരുന്നു. ഇതുവരെയും ചോർച്ച അടയ്ക്കാനായിട്ടില്ല. ഉയർന്ന സമ്മർദത്തിൽ പാചകവാതകം കൊണ്ടുപോകുന്ന കൊച്ചി–സേലം എൽപിജി പൈപ്പ് ലൈനിൽ ഇന്നലെ രാവിലെ 10 മണിയോടെയാണ് വാതകചോർച്ചയുണ്ടായത്. മണലി മടവാക്കര റോഡിനോട് ചേർന്നുള്ള പാടത്താണ് സംഭവം. അഗ്നിരക്ഷാസേനയെത്തി രാവിലെ മുതൽ വെള്ളം പമ്പ് ചെയ്താണ് രക്ഷാപ്രവർത്തനം നടത്തിയത്. സംഭവത്തെത്തുടർന്ന് പ്രധാന വാൽവുകൾ അടച്ച് വലിയ അപകടസാധ്യത കുറച്ചെങ്കിലും 12 കിലോമീറ്റർ ദൂരം പൈപ്പിലുള്ള വാതകം പുറത്തേക്ക് തള്ളുകയായിരുന്നു. ഇത് പൂർണമായും ഒഴിവാക്കിയാൽ മാത്രമേ അറ്റക്കുറ്റപ്പണി സാധ്യമാകൂ. ഇതിനുള്ള പ്രവർത്തനങ്ങളാണ് തുടരുന്നത്. 

അധികൃതരുടെ നിർദേശപ്രകാരം പരിസരത്തെ പതിനഞ്ചോളം വീട്ടുകാർ മറ്റിടങ്ങളിലേക്കു മാറി. കെഎസ്പിപിഎൽ (കൊച്ചി–സേലം എൽപിജി) പൈപ്പ് ലൈനിനു തൊട്ടടുത്തുള്ള ഭാരത് പെട്രോളിയം കോർപറേഷന്റെ മറ്റൊരു പൈപ്പ് ലൈനിൽ അറ്റക്കുറ്റപ്പണി നടക്കുന്നുണ്ടായിരുന്നു. ഇവിടെയുണ്ടായിരുന്ന ജോലിക്കാർ അബദ്ധത്തിൽ കെഎസ്പിപിഎൽ പൈപ്പിൽ തുളയ്ക്കുകയായിരുന്നുവെന്നാണ് വിവരം. വാതകം പുക രൂപത്തിൽ ശക്തിയായി പുറത്തേക്ക് തള്ളിയതോടെ ആശങ്ക പടർന്നു. പ്രദേശത്ത് രൂക്ഷഗന്ധവും പടർന്നു. ദേശീയപാതയിലേക്കും ഗന്ധം അനുഭവപ്പെട്ടു. 

രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി പ്രദേശത്തുള്ള വീടുകളിലും സ്ഥാപനങ്ങളിലും തീയും വൈദ്യുത ഉപകരണങ്ങളും ഉപയോഗിക്കുന്നത് വിലക്കി. മേഖലയിലാകെ കെഎസ്ഇബി വൈദ്യുത ലൈനുകൾ ഓഫ് ചെയ്തു. വാഹനങ്ങൾക്കും നിയന്ത്രണമുണ്ട്. റോഡ് അടച്ചിട്ടുണ്ട്. പൈപ്പ് ലൈനിന്റെ ചുമതലയുള്ള കെഎസ്പിപിഎൽ, പെട്രോളിയം കമ്പനികളായ ബിപിസിഎൽ, ഐഒസിഎൽ അധികൃതരും സ്ഥലത്തെത്തി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും അധികൃതർ അറിയിച്ചു. കെ.കെ.രാമചന്ദ്രൻ എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് വി.ടി.വിജയലക്ഷ്മി, വൈസ് പ്രസിഡന്റ് കെ.എ.സുരേഷ് തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു.

∙ പാലിയേക്കര പാടത്ത് പുല്ലിനും മാലിന്യത്തിനും തീപടർന്നു

പാചകവാതക പൈപ്പ് ലൈനിൽ ചോർച്ചയുണ്ടായ പ്രദേശത്തിനു സമീപം പാലിയേക്കര പാടത്ത് പുല്ലിനും മാലിന്യത്തിനും തീപടർന്നത് ആശങ്കക്കിടയാക്കി. പഴയ ദേശീയപാതയോരത്ത് ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. വർക് ഷോപ്പുകൾക്ക് സമീപമുണ്ടായ തീ പാടത്തേക്ക് വ്യാപിച്ചുവെങ്കിലും പുതുക്കാട് നിന്നെത്തിയ അഗ്‌നിരക്ഷാസേന നിയന്ത്രണവിധേയമാക്കി. തീപിടിത്തമുണ്ടായ പാടത്തിന് അരകിലോമീറ്റർ മാറിയാണ് ഗ്യാസ് പൈപ്പ് ലൈൻ ചോർന്നത്. പ്രദേശത്തെ വീട്ടുകാരെ ഒഴിപ്പിച്ചും വൈദ്യുതി ബന്ധം വിച്ഛേദിച്ചും അധികൃതർ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെയായിരുന്നു തീപിടിത്തം.

16 MINUTES AGO

22 MINUTES AGO

25 MINUTES AGO