Malayalam News


ഖത്തർ പ്രകൃതിവാതക പ്ലാന്റിലെ ഇറാൻ ആക്രമണം; ഇന്ത്യയെ ബാധിക്കുന്നതിങ്ങനെ


ന്യൂഡൽഹി∙ ലോകത്തെ ഏറ്റവും വലിയ പ്രകൃതിവാതക (എൽഎൻജി) പ്ലാന്റ് ആയ ഖത്തറിലെ റാസ് ലഫാനുനേരെ ഇറാൻ നടത്തിയ മിസൈലാക്രമണം ഇന്ത്യയ്ക്കും അശുഭ വാർത്ത. സൗത്ത് പാഴ്സിലെ ഇസ്രയേൽ ആക്രമണത്തിനു മറുപടിയായി റാസ് ലഫാൻ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിലെ 5 എണ്ണപ്പാടങ്ങൾക്കു നേരെയാണ് ഇറാൻ വ്യാഴാഴ്ച പുലർച്ചെ ആക്രമണം നടത്തിയത്. ഇതേത്തുടർന്ന് റാസ് ലഫാനിലെ പ്രകൃതിവാതക ഉൽപാദനം പൂർണമായി തടസപ്പെട്ടു.

യുഎസ്, ഓസ്ട്രേലിയ, റഷ്യ എന്നിവർക്കൊപ്പം ലോകത്തെ ഏറ്റവും വലിയ പ്രകൃതിവാതക ഉൽപാദക രാജ്യങ്ങളുടെ പട്ടികയിൽ മുൻപന്തിയിലാണ് ഖത്തർ. വേണ്ട പ്രകൃതിവാതകത്തിന്റെ 50 ശതമാനവും രാജ്യാന്തര വിപണിയിൽനിന്ന് ഇറക്കുമതി ചെയ്യുകയാണ് ഇന്ത്യ. ഇതിൽ 20 ശതമാനവും പ്രകൃതിവാതകം ഇറക്കുമതി ചെയ്യുന്നത് ഖത്തറിൽനിന്നും. ഹോർമുസ് കടലിടുക്കിലെ ഗതാഗതം തടസപ്പെട്ടതിനെ തുടർന്ന് നേരത്തെ തന്നെ പ്രകൃതിവാതക ക്ഷാമം നേരിടുന്ന ഇന്ത്യയ്ക്ക് റാസ് ലഫാൻ ആക്രമണം വീണ്ടും പ്രതിസന്ധിയുണ്ടാക്കും.

2024–25ൽ 639 കോടി ഡോളറിന്റെ പ്രകൃതിവാതകമാണ് ഖത്തറിൽനിന്ന് ഇന്ത്യ ഇറക്കുമതി ചെയ്തത്. ഇതുകൂടാതെ ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ ദ്രവീകൃത പ്രകൃതിവാതകം (എൽപിജി) ഇറക്കുമതി ചെയ്യുന്നതും ഖത്തറാണ്. കഴിഞ്ഞ സാമ്പത്തികവർഷം 321 കോടി ഡോളറിന്റെ എൽപിജി ഇന്ത്യ ഖത്തറിൽനിന്ന് വാങ്ങി. 

നിലവിൽ പ്രതിദിനം 189 മില്യൻ മെട്രിക് സ്റ്റാൻഡേഡ് ക്യുബിക് മീറ്റർ പ്രകൃതിവാതകമാണ് ഇന്ത്യ ഉപയോഗിക്കുന്നത്. ഇതിൽ 97.5 മില്യൻ മെട്രിക് സ്റ്റാൻഡേഡ് ക്യുബിക് മീറ്റർ മാത്രമാണ് ആഭ്യന്തരമായി ഉൽപാദിപ്പിക്കുന്നത്. ക്ഷാമം പരിഹരിക്കാനായി സർക്കാർ നടപടികൾ സ്വീകരിക്കുന്നുണ്ടെങ്കിലും റാസ് ലഫാസിലെ ആക്രമണം ഇന്ധന വിലയെയും ബാധിച്ചേക്കും.

2 HOURS 43 MINUTES AGO

3 HOURS 10 MINUTES AGO

3 HOURS 17 MINUTES AGO