‘ജഡ്ജി യാന്ത്രികമായി പ്രവർത്തിച്ചു’; വാളയാർ കൊലപാതക കേസ് പ്രതികളുടെ ജാമ്യം റദ്ദാക്കി
കൊച്ചി∙ വാളയാറിൽ ഇതര സംസ്ഥാനക്കാരനെ ആൾക്കൂട്ട കൊലപാതകത്തിനിരയാക്കിയ കേസിൽ എട്ടു പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. മരിച്ചയാളുടെ ആശ്രിതരുടെ വാദം കേൾക്കാതെയാണ് പാലക്കാട് എസ്സി/എസ്ടി സ്പെഷൽ കോടതി പ്രതികൾക്ക് ജാമ്യമനുവദിച്ചത് എന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എ.ബദറുദീന്റെ നടപടി. പ്രതികൾ മൂന്നു ദിവസത്തിനകം കീഴടങ്ങണമെന്നും ഹൈക്കോടതി നിർദേശിച്ചു. പ്രതികൾക്ക് നിയമപ്രകാരം വീണ്ടും ജാമ്യത്തിന് അപേക്ഷിക്കാമെന്നും പട്ടികജാതി, പട്ടികവർഗ അതിക്രമം തടയൽ നിയമപ്രകാരം ഇത് പരിഗണിക്കണമെന്നും കൊല്ലപ്പെട്ടയാളുടെ ആശ്രിതരുടെ വാദം കേൾക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
പ്രതികള്‍ക്കു വിചാരണക്കോടതി ജാമ്യം അനുവദിച്ചതിനോട് രൂക്ഷമായാണ് ഹൈക്കോടതി പ്രതികരിച്ചത്. ജഡ്ജി യാന്ത്രികമായാണു പ്രവർത്തിച്ചതെന്നും ഹൈക്കോടതി നിരീക്ഷിച്ചു. പ്രതികൾക്ക് പാലക്കാട് എസ്സി/എസ്ടി സ്പെഷൽ കോടതി തിടുക്കത്തിൽ ജാമ്യം അനുവദിച്ചുവെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രതികളായ അനു, ആനന്ദൻ, രാജേഷ്, ഷാജി, ജഗദീഷ്കുമാർ, പ്രസാദ്, മുരളി, വിപിൻ എന്നിവർക്ക് 25 മുതൽ 43 ദിവസം വരെ മാത്രം കസ്റ്റഡിയിലിരിക്കെയാണു സ്പെഷൽ കോടതി ജാമ്യം അനുവദിച്ചത്. എസ്സി/എസ്ടി നിയമപ്രകാരം, ഇത്തരം കേസുകളിൽ ജാമ്യഹർജി പരിഗണിക്കുമ്പോൾ കൊല്ലപ്പെട്ടയാളുടെ ആശ്രിതരുടെ വാദം നിർബന്ധമായും കേൾക്കണം. എന്നാൽ, കൊല്ലപ്പെട്ട റാം നാരായൺ ഭഗേലിന്റെ സഹോദരനായ ശശികാന്ത് ഭഗേലിനെ കേൾക്കാതെയാണ് വിചാരണ കോടതി പ്രതികൾക്ക് ജാമ്യം നൽകിയത്.
ഡിസംബർ 17-നാണ് ഛത്തീസ്ഗഡ് സ്വദേശിയായ റാം നാരായൺ ഭഗേലിനെ ആൾക്കൂട്ടം തല്ലിക്കൊന്നത്. കേവലം നാലു ദിവസം മുമ്പു മാത്രമായിരുന്നു ഭഗേൽ ജോലി തേടി കേരളത്തിലെത്തിയത്. എന്നാൽ ബംഗ്ലാദേശിയെന്ന് ആരോപിച്ച് പ്രതികൾ ക്രൂരമർദനത്തിന് ഇരയാക്കുകയായിരുന്നു. ആദ്യ അഞ്ച് പ്രതികളും ഒമ്പതാം പ്രതിയും സ്ഥിരം കുറ്റവാളികളാണ്. കൊലപാതക ശ്രമം, സംഘം ചേർന്നുള്ള ആക്രമണം, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങി നിരവധി ക്രിമിനൽ കേസുകൾ ഇവർക്കെതിരെ മുമ്പും റജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തിൽ പ്രതികൾക്ക് ജാമ്യം അനുവദിച്ചത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ഈ വാദം അംഗീകരിച്ചാണ് കോടതി ഇവരുടെ ജാമ്യം റദ്ദാക്കിയത്.
1 HOUR 2 MINUTES AGO
1 HOUR 5 MINUTES AGO
4 HOURS 26 MINUTES AGO