രാത്രിയോടെ ഖർഗെയുടെ വസതിയിൽ, പുലർച്ച 2.30 വരെ ചർച്ച; ‘എന്നിട്ടും തീരുമാനമില്ല’, കടുപ്പിച്ച് ഹൈക്കമാൻഡ്
ന്യൂഡൽഹി∙ ‘വൈകിട്ട് തന്നെ മുഴുവൻ സീറ്റുകളിലും സ്ഥാനാർഥികളെ പ്രഖ്യാപിക്കും’. ഇന്നലെ രാവിലെ കോൺഗ്രസ് പട്ടികയെ പറ്റിയുള്ള ചോദ്യത്തിന് നേതാക്കളുടെ മറുപടി ഇങ്ങനെയായിരുന്നു. പട്ടിക പുറത്ത് വിടുമെന്ന ആത്മവിശ്വാസവും നേതാക്കൾക്കുണ്ടായിരുന്നു. എന്നാൽ ചർച്ച രാത്രി വരെ അവസാനിപ്പിക്കാനോ ഒരു പേരിൽ എത്താനോ ആയില്ല. കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിറ്റി (സിഇസി) യോഗത്തിൽ പക്ഷേ ഒരു പേരിലെത്താൻ ആയില്ല. വീണ്ടും സ്ഥാനാർഥികളെ ചൊല്ലി അഭിപ്രായഭിന്നത രൂപപ്പെട്ടതോടെ തീരുമാനം നീണ്ടുപോയി. പിന്നാലെ രാഹുൽ ഇടപെട്ട് നിങ്ങൾ തന്നെ കൂടിയാലോചിച്ചിട്ട് വന്നാല്‍ മതി എന്ന് വ്യക്തമാക്കി. വീണ്ടും ആലോചിച്ച് തീരുമാനമാക്കിയിട്ട് യോഗത്തിന് എത്താനായിരുന്നു രാഹുലിന്റെ നിർദേശം. പിന്നാലെ വീണ്ടും കേരള നേതാക്കളുടെ ആലോചനകൾ തുടർന്നു. കൂടിയാലോചനകൾക്കു ശേഷം പിന്നെയും നേതാക്കൾക്കൊപ്പം ഇരുന്നെങ്കിലും തീരുമാനം എടുക്കാനായില്ല. ഇങ്ങനെ ചർച്ചയ്ക്കുശേഷം വീണ്ടും ചേർന്ന സിഇസി യോഗം വൈകിയതോടെ പിന്നീടു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിലേക്കു മാറ്റുകയായിരുന്നു.
10.30 ഓടെയാണ് ഖർഗെയുടെ വീട്ടിൽ വച്ച് യോഗം തുടങ്ങിയത്. അവിടെയും പല തരത്തിലുള്ള ചർച്ചകൾ നടന്നു. ഏതാണ്ട് പുലർച്ചെ 2.30വരെ യോഗം തുടർന്നെങ്കിലും അപ്പോഴും ഔദ്യോഗികമായി ഒരു പ്രഖ്യാപനവും നടത്താൻ കഴിയാത്ത അവസ്ഥയിലായിരുന്നു നേതാക്കൾ. ചർച്ചകൾ ഏറെ നീണ്ടതോടെ പുലർച്ചെയുള്ള വിമാനത്തിൽ നാട്ടിലേക്ക് വരേണ്ടതു കൊണ്ട് കേരള നേതാക്കൾ മടങ്ങുകയായിരുന്നു. ഇതുവരെയും പട്ടികയുടെ കാര്യത്തിൽ ഔദ്യോഗിക തീരുമാനം വന്നിട്ടില്ല. എന്നാൽ സീറ്റുകളുടെ കാര്യത്തിൽ തീരുമാനമായെന്നാണ് വിവരം. ഉച്ചയ്ക്ക് മുൻപ് പട്ടിക പുറത്തുവന്നേക്കും.
കേരള നേതാക്കൾക്കിടയിൽ ഏകസ്വരം ഉണ്ടാകാത്തതിൽ ഹൈക്കമാൻഡ് അതൃപ്തി രേഖപ്പെടുത്തിയെന്നാണു വിവരം. എംപിമാരുടെ മത്സരതാൽപര്യത്തോടും ഖർഗെ അതൃപ്തി അറിയിച്ചു. എംപിമാർ മത്സരത്തിനിറങ്ങുമ്പോൾ ലോക്സഭയിൽ കോൺഗ്രസ് എംപിമാരുടെ എണ്ണം കുറയുന്നതിലും വലിയ അതൃപ്തി ഹൈക്കമാൻഡിനുണ്ട്. ആ നിലപാടാണ് ആദ്യം മുതൽ അവർ സ്വീകരിക്കുന്നതും. എന്നാൽ അതിനിടയിലും സുധാകരനും അടൂർ പ്രകാശും സമ്മർദ തന്ത്രവുമായെത്തിയതിൽ നേതൃത്വത്തിന് വലിയ അതൃപ്തിയുണ്ട്. സംസ്ഥാന നേതൃത്വത്തിന്റെ താൽപര്യത്തോടെ സ്ക്രീനിങ് സമിതി തയാറാക്കിയ ചില പേരുകളിലും രാഹുൽ ഗാന്ധി അടക്കമുള്ളവർ അതൃപ്തി രേഖപ്പെടുത്തിയെന്നാണ് വിവരം.
3 MINUTES AGO
6 MINUTES AGO
3 HOURS 26 MINUTES AGO