‘അടിയന്തരമായി ഡയറക്ടർ സ്ഥാനത്തു നിന്ന് നീക്കണം’; വിഎസിന്റെ മകനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി
തിരുവനന്തപുരം∙ ഐഎച്ച്ആർഡി ഡയറക്ടറുടെ ചുമതല വഹിക്കുന്ന മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ മകൻ അരുൺ കുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി. സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ന്‍ കമ്മിറ്റിയുടേതാണ് പരാതി. ജി.സുധാകരന്റെ രാഷ്ട്രീയ തീരുമാനത്തെപറ്റി ഫെയ്സ്ബുക്കിൽ അരുൺ കുമാർ പങ്കുവച്ച കുറിപ്പിനെതിരെയാണ് പരാതി.
ഐഎച്ച്ആർഡിയിലെ ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്നവരാണ്. കേരള സർവീസ് ചട്ട വ്യവസ്ഥകൾകൂടി ബാധകമാക്കിയാണ് ഐഎച്ച്ആർഡി പ്രവർത്തിക്കുന്നത്. സർക്കാർ സ്ഥാപനത്തിൽ ഉന്നത പദവി വഹിച്ചുകൊണ്ട് രാഷ്ട്രീയ മുതലെടുപ്പിന് തയാറായ അരുൺകുമാർ ഈ പദവിക്ക് അനുയോജ്യനല്ലെന്നും, തിരഞ്ഞെടുപ്പ് വേളയിൽ അരുൺ കുമാറിനെ അടിയന്തരമായി ഡയറക്ടർ സ്ഥാനത്ത് നീക്കം ചെയ്യാൻ സർക്കാരിന് നിർദേശം നൽകണമെന്നും സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി തിരഞ്ഞെടുപ്പ് കമ്മിഷന് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.
‘‘രാഷ്ട്രീയ വേരുകൾ മറന്ന് പുതിയ താവളങ്ങൾ തേടുന്നത് കാണുമ്പോൾ അദ്ഭുതമല്ല സഹതാപമാണ് തോന്നുന്നത്. പുന്നപ്ര-വയലാറിന്റെ മണ്ണിലെ പോരാട്ടവീര്യം വിപണിയിൽ വയ്ക്കാനുള്ളതല്ലെന്ന് ഇത്തരക്കാർ വൈകാതെ തിരിച്ചറിയും. പലയിടങ്ങളിലും പാർട്ടി പ്രവർത്തകർക്കിടയിൽ സ്വരഭേദം കേൾക്കുന്നുണ്ടെന്നും പ്രസ്ഥാനത്തെ ജീവശ്വാസമായി കാണുന്ന സാധാരണക്കാരുടെ വികാരം ഉൾക്കൊള്ളാൻ പാർട്ടി നേതൃത്വത്തിന് കഴിയും’’– എന്നായിരുന്നു അരുണിന്റെ ഫെയ്സ്ബുക് പോസ്റ്റ്.
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം Arunkumar VA എന്ന ഫെയ്സ്ബുക് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
49 SECONDS AGO
16 MINUTES AGO
34 MINUTES AGO