അടുക്കളയിൽ വീണ്ടും വിന്റേജ് അടുപ്പുകൾ; മരപ്പൊടി നിറച്ച് കത്തിക്കുന്ന അടുപ്പുകൾക്ക് ആവശ്യക്കാരേറെ
തിരുവനന്തപുരം ∙ പാചകവാതക ക്ഷാമം വീടുകളുടെയും ഹോട്ടലുകളുടെയും അടുക്കളയെ പഴയ കാലത്തേക്കു കൂട്ടിക്കൊണ്ടു പോവുകയാണ്. പാചക വാതക സിലിണ്ടറുകൾ കിട്ടാതായതോടെ അടുക്കളകളിൽ ഇപ്പോൾ ‘ഇരുമ്പ് അടുപ്പുകളും’ ‘മരപ്പൊടി അടുപ്പു’കളുമാണ് താരം. ഗ്യാസ് സിലിണ്ടറിനായി കാത്തിരുന്ന് മടുത്തവർ വിറകിന്റെയും മരപ്പൊടിയുടെയും പഴയ പ്രതാപത്തിലേക്കു തിരിച്ചുപോകാൻ നിർബന്ധിതരായി. അടുക്കളയിൽ വീണ്ടും കരിയും പുകയും നിറയുന്നതിലൊന്നും പ്രശ്നമില്ലെന്ന് വീട്ടമ്മമാരും പറയുന്നു. എന്തെങ്കിലും വച്ചുവിളമ്പുകയാണ് പ്രധാനം.
നഗര പ്രദേശങ്ങളിൽ വീടിന്റെ ബാൽക്കണിയിലും വർക് ഏരിയയിലും ഇത്തരം അടുപ്പുകൾ സ്ഥാനം പിടിച്ചു കഴിഞ്ഞു. വിറകടുപ്പിൽ വേവിച്ചെടുക്കുന്ന ഭക്ഷണത്തിന്റെ രുചി ഒന്നു വേറെ തന്നെയാണെന്ന് പുതിയ തലമുറയും സാക്ഷ്യപ്പെടുത്തുന്നു. മില്ലുകളിൽ നിന്നും മറ്റും കുറഞ്ഞ നിരക്കിൽ മരപ്പൊടി ലഭ്യമാകുന്നത് ഇത്തരം അടുപ്പുകളുടെ ഡിമാൻഡ് വർധിപ്പിച്ചിട്ടുണ്ട്. 500 രൂപയാണ് പുതിയ ഇരുമ്പ് അടുപ്പിന്റെ വില. ആവശ്യാനുസരണം നിർമിച്ചു നൽകുന്ന അടുപ്പുകൾക്ക് ആയിരത്തിനു മുകളിൽ വിലയുണ്ട്. മരപ്പൊടി നിറച്ച് മണിക്കൂറുകളോളം കത്തുന്ന ചെറിയ തരം അടുപ്പുകൾക്കും ആവശ്യക്കാരേറെയാണ്.
‘ഗ്യാസ് ’ തീർന്നു; കോളജുകളും ഹോസ്റ്റലുകളും അടയ്ക്കുന്നു: ബുക്ക് ചെയ്തിട്ടും സിലിണ്ടർ കിട്ടാക്കനി തിരുവനന്തപുരം ∙ പാചകവാതക പ്രതിസന്ധി ജില്ലയിലെ ഹോസ്റ്റലുകളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചു. പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഹോസ്റ്റലിന്റെ പ്രവർത്തനം സർവകലാശാല പരീക്ഷയുള്ള വിദ്യാർഥികൾക്കു മാത്രമായി പരിമിതപ്പെടുത്തി. സിലിണ്ടർ കിട്ടാത്തതിനെ തുടർന്ന് കോളജ് ഓഫ് എൻജിനീയിറിങ് (സിഇടി) ഹോസ്റ്റൽ പൂട്ടി. 800ഓളം കുട്ടികളാണ് മെൻസ് - വിമൻസ് ഹോസ്റ്റലുകളിൽ ഉള്ളത്. കോളജിനും അവധി നൽകി. ശുദ്ധജലക്ഷാമവും രൂക്ഷമാണ്. പ്രശ്നത്തിന് പരിഹാരമില്ലെങ്കിൽ തിങ്കൾ മുതൽ വീണ്ടും അവധി നൽകേണ്ടി വരും. കോളജിലെ ഒന്നാം വർഷ വിദ്യാർഥികൾ ഉൾപ്പെടെ ആയിരത്തോളം വിദ്യാർഥികൾ പുറത്തെ സ്വകാര്യ ഹോസ്റ്റലുകളിലാണു കഴിയുന്നത്. സിലിണ്ടർ ക്ഷാമത്തെ തുടർന്ന് സ്വകാര്യ ഹോസ്റ്റലുകളും പൂട്ടുകയാണ്.
കേരള സർവകലാശാല കാര്യവട്ടം ക്യാംപസിലെ ഹോസ്റ്റലുകളിൽ പിജി ഗവേഷക വിദ്യാർഥികൾ അടക്കം 700 ഓളം പേരുണ്ട്. ഇവിടെ മെനുവിൽ മാറ്റം വരുത്തി. ശുദ്ധജലവും കിട്ടാനില്ല. വിദ്യാർഥികൾ ഹോസ്റ്റലിനു പുറത്തെ കിണറുകളിൽ നിന്നു പമ്പു ചെയ്യുന്ന വെള്ളം ബക്കറ്റിൽ ശേഖരിച്ചാണ് ശുചിമുറികളിൽ എത്തിക്കുന്നത്. പല കുട്ടികളും സ്വന്തം നാടുകളിലേക്കു മടങ്ങുകയാണ്. ക്യാംപസിനു പുറത്തു താമസിക്കുന്ന 500ലേറെ പേരും ദുരിതത്തിലാണ്. ഇവർ ഭക്ഷണത്തിന് ആശ്രയിക്കുന്ന ഹോട്ടലുകൾ മിക്കതും പൂട്ടി. വെങ്ങാനൂർ വിപിഎസ് എച്ച്എസ്എസിനോടനുബന്ധിച്ച ഹോസ്റ്റൽ വിറകടുപ്പിലേക്കു മാറി. വെള്ളായണി കാർഷിക കോളജ് ഹോസ്റ്റലിൽ മെനുവിൽ മാറ്റം വരുത്തിയും വിറക് അടുപ്പിലേക്ക് പാചകം മാറ്റിയും പ്രതിസന്ധി മറികടക്കാൻ ശ്രമിക്കുകയാണ്.
വിറകടുപ്പിൽ എത്രനാൾ? സിലിണ്ടർ കിട്ടാത്തതിനെ തുടർന്നു ശ്രീകാര്യം മേഖലയിലെ ഒട്ടേറെ ഹോട്ടലുകൾ പൂട്ടി. വിറകടുപ്പിനെ ആശ്രയിക്കുന്ന ഹോട്ടലുകൾ മാത്രമാണ് പ്രവർത്തിക്കുന്നത്. ഇത് എത്രകാലം സാധിക്കുമെന്നാണ് ഉടമകളുടെ ചോദ്യം. തട്ടുകടകളും ചായയും പലഹാരങ്ങളും ലഭിക്കുന്ന കടകളും കൂട്ടത്തോടെ പൂട്ടിയത് ടെക്നോപാർക്ക് ജീവനക്കാരെ ബാധിച്ചു. മലയിൻകീഴ്, പേയാട്, വിളവൂർക്കൽ, വിളപ്പിൽ മേഖലകളിൽ ചെറുകിട ഹോട്ടലുകളും തട്ടുകടകളും അടഞ്ഞുകിടക്കുകയാണ്. സഞ്ചാരികളെത്തുന്ന വിഴിഞ്ഞം മേഖലയിൽ ഫാസ്റ്റ്ഫുഡ് –കേറ്ററിങ് സ്ഥാപനങ്ങളുടെ പ്രവർത്തനം സ്തംഭിച്ചു. നെടുമങ്ങാട് താലൂക്കിൽ മാത്രം 150 ഹോട്ടലുകളാണ് കഴിഞ്ഞദിവസങ്ങളിലായി അടച്ചിട്ടത്. പോത്തൻകോട് മേഖലയിൽ അടച്ചിരുന്ന ചില ഹോട്ടലുകൾ ഇന്നലെ തുറന്നു. വിറകടുപ്പിലാണ് പാചകം. വിഭവങ്ങളുടെ എണ്ണം പകുതിയായി കുറച്ചിട്ടുണ്ട്. കേറ്ററിങ് യൂണിറ്റുകളിലും വിറക് ആണ് ആശ്രയം. ദേശീയപാതയിലെ ചായക്കടകളിൽ ഇലക്ട്രിക് അടുപ്പുകൾ ഉപയോഗിക്കുന്നുണ്ട്. പാലോട് മേഖലയിൽ ഗാർഹിക ഉപഭോക്താക്കൾ ദുരിതത്തിലാണ്.
കരിഞ്ചന്ത വ്യാപകം പനച്ചമൂട്, കാരക്കോണം മേഖലകളിൽ പാചകവാതക കരിഞ്ചന്ത കച്ചവടം തകൃതിയാണ്. സിലിണ്ടറിനു 2,500 രൂപ മുതൽ 4,000 വരെയാണ് ഈടാക്കുന്നത്. പനച്ചമൂട് കേന്ദ്രീകരിച്ച് പരസ്യമായാണ് അനധികൃത വ്യാപാരം. പണം നൽകിയാൽ സിലിണ്ടർ ബൈക്കിൽ വീട്ടിലെത്തിച്ചു കൊടുക്കും. അതിർത്തി കേന്ദ്രീകരിച്ച് രഹസ്യ സംഭരണ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നതായി വിവരമുണ്ട്. ജില്ലയിൽ 60–70 ശതമാനം ഹോട്ടലുകളും അടച്ചു. ഗ്രാമീണ മേഖലയിലെ ഹോട്ടലുകൾ വിറകടുപ്പാണ് ഉപയോഗിക്കുന്നത്. ഇടത്തരം ഹോട്ടലുകൾ പല വിഭവങ്ങളെ വെട്ടിക്കുറച്ചു. ചിക്കൻ കറി, ബീഫ് ഫ്രൈ മാത്രമാണ് കൊടുക്കുന്നത്. ചൈനീസ് വിഭവങ്ങൾ പൂർണമായി നിർത്തി. ഏറെ ആവശ്യക്കാരുള്ള ദോശയും പെറോട്ടയും കൊടുക്കാനാകുന്നില്ല.
ജില്ലയിലെ ഗ്യാസ് ഏജൻസികളിൽ പലതിലും ബുക്കിങ് നടത്തിയിട്ടും സിലിണ്ടർ ലഭിക്കാത്ത സ്ഥിതിയാണെന്നു പരാതി. ഗ്രാമ പ്രദേശങ്ങളിലാണ് സ്ഥിതി രൂക്ഷം. ബുക്ക് ചെയ്ത് 45 ദിവസത്തിനകം സിലിണ്ടർ ലഭിക്കുമെന്നാണ് കമ്പനികളുടെ വാഗ്ദാനമെങ്കിലും പലയിടത്തും ഇത് പാലിക്കാനാകാത്ത സ്ഥിതിയാണ്. അടിയന്തര ആവശ്യങ്ങൾക്കായി അധിക നിരക്കിൽ സിലിണ്ടർ വാങ്ങേണ്ടി വരുന്ന സാഹചര്യം ഉണ്ടാകുന്നതായും പരാതിയുണ്ട്. വിതരണ ശൃംഖലയിൽ ഉണ്ടായ തടസ്സങ്ങളാണ് ക്ഷാമത്തിന് കാരണമെന്ന് അധികൃതർ പറയുന്നു. ഡിപ്പോകളിലേക്ക് ആവശ്യമായ തോതിൽ സിലിണ്ടറുകൾ എത്താത്തതും ഗതാഗത പ്രശ്നങ്ങളും പ്രതിസന്ധി രൂക്ഷമാക്കുന്നു. ഉത്സവ സീസണായതിനാൽ പാചക വാതകത്തിന്റെ ആവശ്യകത വർധിച്ചതും ലഭ്യതയെ ബാധിച്ചു.