Malayalam News


കരുത്തനായ സ്ഥാനാർഥി വന്നു; ആറന്മുളയിൽ 50,000 കടന്ന വോട്ട് വിഹിതം കുമ്മനം രാജശേഖരൻ മുതലാക്കുമോ?


പത്തനംതിട്ട ∙ ആറന്മുളയിൽ കുമ്മനം രാജശേഖരൻ ബിജെപി സ്ഥാനാർഥിയായത് വൈകിയ ചർച്ചകൾക്കും പരാതികൾക്കുമടുവിൽ. ആറന്മുള നിയമസഭാ സീറ്റ് ബിഡിജെഎസിനു കൈമാറാനുള്ള നീക്കത്തിനെതിരെ ബിജെപിക്കുള്ളിൽ ശക്തമായ എതിർപ്പുണ്ടായിരുന്നു. ജില്ലയിലെ അഭിപ്രായങ്ങളെ പാടേ അവഗണിച്ചാൽ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിടുമെന്ന സൂചന വന്നതോടെയാണ് സംസ്ഥാന നേതൃത്വം ഒടുവിൽ കുമ്മനത്തിലേക്കു തന്നെയെത്തിയത്. രണ്ടു തവണയായി സിപിഎം വിജയിക്കുന്ന സീറ്റിൽ കരുത്തനായ സ്ഥാനാർഥിയെ നിർത്തിയില്ലെങ്കിൽ തെറ്റായ സന്ദേശം നൽകുമെന്ന വാദവും ഉയർന്നിരുന്നു.

2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ മണ്ഡലം തിരിച്ച് വോട്ട് നോക്കിയാൽ ആറന്മുളയിൽ ബിജെപി വോട്ട് 50,000 കടന്നിരുന്നു. ശരാശരി 40,000 അടുത്ത് വോട്ട് ലഭിക്കുന്ന മണ്ഡലത്തിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് കുറവായിരുന്നു. ഇതിനു മാറ്റം വരുത്തണമെങ്കിൽ സംസ്ഥാന തലത്തിൽ അറിയപ്പെടുന്ന തലപ്പൊക്കമുള്ള നേതാക്കൾ വേണമെന്ന് ഏറെ നാളായി ബിജെപിയിൽ തന്നെ ആവശ്യമുയർന്നിരുന്നു. എന്നാൽ സീറ്റ് ചർച്ചകളിൽ തുടക്കം മുതൽ ആറന്മുള ഒഴിച്ചിട്ടു. കുമ്മനം രാജശേഖരൻ, എംടി.രമേശ്, ഷാജി രാഘവൻ, അജയകുമാർ വല്യുഴത്തിൽ തുടങ്ങിയ പേരുകൾ ഉയർന്നിരുന്നു.

ചർച്ചകൾ എങ്ങുമെത്താതെ നീണ്ടെങ്കിലും ബുധനാഴ്ചയോടെ നേതൃത്വത്തിനു മേൽ കടുത്ത സമ്മർദമായി. രാത്രി വൈകിയാണ് കുമ്മനത്തെ സ്ഥാനാർഥിയാക്കാൻ തീരുമാനിച്ചത്. രാത്രി വൈകി തന്നെ സ്ഥാനാർഥിത്വം സംബന്ധിച്ച് ജില്ലയിലെ മുതിർന്ന നേതാക്കൾക്കു വിവരം ലഭിച്ചു. ഇതുവരെ മണ്ഡലത്തെ പരിഗണിച്ചില്ലെന്ന് പാർട്ടിയിലുണ്ടായ വിമർശനങ്ങൾ ഇനി പരിധി വിടാതെ തടയാനും കുമ്മനത്തിന്റെ സ്ഥാനാർഥി പ്രഖ്യാപനത്തിലൂടെ ബിജെപിക്കു കഴിഞ്ഞു. ആറന്മുള വിമനത്താവളത്തിനെതിരായ സമരത്തിലുൾപ്പെടെ നിർണായക പങ്ക് കുമ്മനം രാജശേഖരൻ വഹിച്ചിട്ടുണ്ട്. മണ്ഡലത്തിൽ പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത നേതാവാണ് കുമ്മനമെന്നതും ബിജെപിക്കു പ്രതീക്ഷ നൽകുന്നു. ആറന്മുള സീറ്റ് ബിജെപി തന്നെ തുടരുമെന്ന് വ്യക്തമായതോടെ കോന്നി സീറ്റ് ബിഡിജെഎസിനു കൈമാറി.