Malayalam News


40,000 വോട്ട് ലഭിക്കുന്ന മണ്ഡലത്തിൽ പോലും സ്ഥാനാർഥിയെ പ്രഖ്യാപിക്കാതെ ബിജെപി; പത്തനംതിട്ടയിൽ എന്താണ് സംഭവിക്കുന്നത്?


പത്തനംതിട്ട ∙ ബിജെപിക്കു ശക്തമായ വേരോട്ടമുള്ള അഞ്ചു മണ്ഡലങ്ങളുള്ള ജില്ലയാണു പത്തനംതിട്ട. എന്നാൽ ഇത്തവണ മുന്നണിയിലെ പാർട്ടികൾ ഏതൊക്കെ സീറ്റിൽ മത്സരിക്കുമെന്ന കാര്യം പോലും അറിയാത്ത അവസ്ഥയിലാണു ബിജെപി ജില്ലാ നേതൃത്വം. എല്ലാം സംസ്ഥാന നേതൃത്വം തീരുമാനിക്കുമെന്നു പറയുമ്പോളും ജില്ലയിൽ ആലോചനകൾ നടത്താതെ തീരുമാനങ്ങൾ അടിച്ചേൽപിക്കുന്നതിൽ ബിജെപിക്കും ആർഎസ്എസിനും കടുത്ത അമർഷമുണ്ട്. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനെതിരെ പരസ്യ വിമർശനങ്ങൾ ഉയരുന്നില്ലെങ്കിലും നടപടികൾ ഏകപക്ഷീയമാണെന്ന ആക്ഷേപം ശക്തമാണ്. പ്രാദേശിക നേതാക്കളും അണികളും ചോദിക്കുമ്പോൾ മറുപടിയില്ലാതെ പ്രയാസപ്പെടുകയാണു സംസ്ഥാന – ജില്ലാ നേതാക്കൾ. ആറന്മുള സീറ്റ് ബിഡിജെഎസിനു നൽകാനുള്ള ആലോചനകൾ നടന്നതു കടുത്ത അമർഷത്തിനു കാരണമായി.

ബിജെപിക്കു നാൽപതിനായിരത്തോളം വോട്ട് ലഭിക്കുന്ന സീറ്റിൽ ഇതുവരെ സ്ഥാനാർഥിയെ പ്രഖ്യാപിക്കാത്തതു തന്നെ നേതൃത്വത്തിന്റെ പരാജയമാണെന്നു പ്രവർത്തകർ വിലയിരുത്തുന്നു. ഇതിനിടെയാണു ഘടകകക്ഷിക്കു കൈമാറാനുള്ള നീക്കം. മുതിർന്ന നേതാവ് കുമ്മനം രാജശേഖരന്റെ പേര് നേരത്തെ തന്നെ ആറന്മുളയിൽ വന്നെങ്കിലും അദ്ദേഹം താൽപര്യക്കുറവ് അറിയിച്ചിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശും താൻ മത്സരിക്കുന്നില്ലെന്നു ദേശീയ നേതൃത്വത്തെ അറിയിച്ചു.

ബിജെപി മത്സരിക്കുമെന്നു കരുതിയ സീറ്റുകൾ പോലും ഘടകകക്ഷികൾക്കു വിട്ടു നൽകി. ജില്ലയിൽ പ്രകടമായി യാതൊരു സ്വാധീനവുമില്ലാത്ത കക്ഷികൾക്കു വരെ സീറ്റ് നൽകിയത് ഒരു വിഭാഗം നേതാക്കളെ ചൊടിപ്പിച്ചിട്ടുണ്ട്. സംസ്ഥാന മുൻ അധ്യക്ഷൻ കെ.സുരേന്ദ്രനോട് അടുത്തു നിൽക്കുന്നവരെ ഒതുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്നും വിലയിരുത്തലുണ്ട്. ശബരിമല വിഷയം കത്തി നിന്നപ്പോൾ 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ 30% വോട്ടിലേറെ ബിജെപി നേടിയിരുന്നു. ഇതു നിലനിർത്താൻ കഴിഞ്ഞില്ലെങ്കിലും 20,000 മുതൽ 40,000 വോട്ട് വരെ ഓരോ മണ്ഡലത്തിലും ബിജെപിക്കുണ്ട്.

ബിഡിജെഎസിന് ഒരു സീറ്റ് നൽകുന്നതിൽ ബിജെപിക്ക് എതിർപ്പില്ലെങ്കിലും ട്വന്റി ട്വന്റിക്കു സീറ്റ് നൽകിയത് ജില്ലയിലെ പ്രവർത്തകരെ അമ്പരിപ്പിച്ചു. ഇക്കാര്യത്തിൽ സംസ്ഥാന നേതാക്കൾ ജില്ലയിലെ ബിജെപി നേതാക്കളോട് അഭിപ്രായം തേടിയപ്പോൾ ശക്തമായ എതിർപ്പുണ്ടായിരുന്നു. ഇതു മറികടന്നാണു സീറ്റ് നൽകിയത്. ജില്ലയിൽ നിന്നു സ്ഥാനാർഥി സാധ്യതയുള്ള പേരുകൾ നേരത്തെ ശേഖരിച്ചെങ്കിലും അതിൽ കാര്യമായ ചർച്ചകൾ വന്നില്ല. സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണിയുടെ പേരു മാത്രമാണു സമയത്ത് പ്രഖ്യാപിച്ചത്.