ചെറിയ മഴയിൽ പോലും ദേശീയപാതയിൽ ഒരടിയോളം ഉയരത്തിൽ വെള്ളക്കെട്ട്; നിർമാണപ്പിഴവെന്ന് പരാതി
ചാത്തന്നൂർ ∙ നിർമാണത്തിലെ അശാസ്ത്രീയത മൂലം ചെറിയ മഴ പെയ്താൽ പോലും ദേശീയപാതയുടെ ആറു വരി പാതയിൽ വെള്ളക്കെട്ട്. ചാത്തന്നൂർ കെഎസ്ആർടിസി ജംക്‌ഷനു കിഴക്ക് ഊറാംവിള എൽഎം മാളിനു സമീപം, നിർമാണം പൂർത്തിയായി ഗതാഗതത്തിനു തുറന്നു കൊടുത്ത പ്രധാന പാതയിലാണ് സംഭവം. ബുധൻ രാത്രി പത്തരയോടെ പെയ്ത മഴയിൽ ദേശീയപാത മുങ്ങി ഗതാഗത തടസ്സം ഉണ്ടായി. ചെറിയ മഴയിൽ പോലും റോഡിൽ ഒരടിയോളം ഉയരത്തിൽ നൂറു മീറ്ററിലേറെ നീളത്തിൽ വെള്ളം നിറഞ്ഞു.
പ്രധാന പാതയുടെ ഇരു ഭാഗങ്ങളും വെള്ളക്കെട്ടായി മാറി. വേഗത്തിൽ വന്ന വാഹനങ്ങൾ വെള്ളക്കെട്ട് കണ്ട് പെട്ടെന്നു ബ്രേക്ക് ചെയ്യുന്നത് അപകട ഭീഷണി ഉയർത്തി. ചെറിയ വാഹനങ്ങൾക്കു കടന്നു പോകുന്നത് ബുദ്ധിമുട്ടായി. പല വാഹനങ്ങളിലും വെള്ളം കയറി. നാട്ടുകാർ വാഹനത്തിൽ നിയന്ത്രിച്ചു വിട്ടതിനാൽ അപകടം ഒഴിവായി. മഴ പെയ്താൽ ഇരു ഭാഗത്തു നിന്നും വെള്ളം ഒഴുകി ഇവിടെ എത്തുകയാണ്. സർവീസ് റോഡിലെ ഓടയിലേക്ക് ഒഴുകി പോകുന്നതിനു സുഗമമായ മാർഗം ഇല്ലാത്തതാണ് പ്രശ്നം. വെള്ളക്കെട്ട് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു ചാത്തന്നൂർ വികസന സമിതി ഭാരവാഹി ജി.പി.രാജേഷ് എൻഎച്ച് പ്രോജ്കട് ഡയറക്ടർക്കു നിവേദനം നൽകി.