Malayalam News


അലുവ അതുൽ കൊലപാതകം: പ്രകോപനപരമായ പ്രചാരണങ്ങൾ അവസാനിക്കുന്നില്ല, ശക്തമായ നിരീക്ഷണം


കൊല്ലം ∙ കരുനാഗപ്പള്ളിയിലെ കൊലപാതകങ്ങൾക്കു ശേഷം സാമൂഹികാന്തരീക്ഷം കലുഷിതമാക്കുക എന്ന ലക്ഷ്യത്തോടെ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രകോപനപരമായ പ്രചാരണങ്ങൾ നടത്തിയ സംഭവത്തിൽ കൊല്ലം സിറ്റി പൊലീസ് 2 കേസുകൾ കൂടി റജിസ്റ്റർ ചെയ്തു. കരുനാഗപ്പള്ളിയിൽ മുൻ വിരോധത്തിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തെ തുടർന്നു പ്രദേശത്തു ശക്തമായ പൊലീസ് നിരീക്ഷണം തുടരുന്നതിനിടെ ആണ് 2 സംഘങ്ങൾക്കുമിടയിൽ വിദ്വേഷം വളർത്തുന്ന രീതിയിൽ പ്രചാരണങ്ങൾ നടന്നത്. കൊല്ലം സിറ്റി സോഷ്യൽ മീഡിയ സെല്ലിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലാണു 2 കേസുകൾ കൂടി റജിസ്റ്റർ ചെയ്തത്. കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയിലും സൈബർ പൊലീസ് സ്റ്റേഷനിലുമായി ഇത്തരം പ്രചാരണം നടത്തിയതിന് ഓരോ കേസുകൾ വീതം റജിസ്റ്റർ ചെയ്തിരുന്നു. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്നു ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

മാർച്ച് 14 ന് പകൽ 11.15 ന് ദേശീയപാതയുടെ നിർമാണം നടക്കുന്ന കൊല്ലം പുതിയകാവ് ഭാഗത്തു വച്ചാണ് നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്. അതുൽ സഞ്ചരിച്ച വാഹനം കുഴിയിലേക്കു വീഴ്ത്തി, പിന്തുടർന്നെത്തിയെ കാറിലുണ്ടായിരുന്ന സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ വർഷം മാർച്ചിൽ ജിം സന്തോഷിനെ കൊലപ്പെടുത്തിയതിനു പകരം വീട്ടിയതാണെന്നാണു നിഗമനം. ജിം സന്തോഷ് വധക്കേസിലെ മറ്റൊരു പ്രതിയായ മനുവിനും പരുക്കേറ്റിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ അതുൽ സ്റ്റേഷനിൽ ഒപ്പിട്ടു മടങ്ങുന്നതിനിടെയാണ് ആക്രമണം.

'പകരം വീട്ടാൻ നടക്കുന്നവരോട് പറയാനുള്ളത്' എന്ന ക്യാപ്ഷനോട് അതുൽ പങ്കുവച്ച വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് നിഗമനം. ഇന്‍സ്റ്റഗ്രാം റീലിന്‍റെ സ്കീന്‍ഷോട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അതുൽ കൊല്ലപ്പെട്ടതിന് പിന്നാലെ ഈ ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് ലഭ്യമല്ല. പക്ഷേ, ഈ റീലിന് താഴെ വന്ന കമന്‍റുകളുടെ സ്ക്രീന്‍ ഷോട്ടും പ്രചരിക്കുന്നുണ്ട്. അതുലിന്റെ കൊലപാതകത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പോസ്റ്റുകളും സമൂഹമാധ്യമങ്ങളിൽ ഇപ്പോഴും പ്രചരിക്കുകയാണ്.