Malayalam News


വേനൽമഴയും തകർത്തടിച്ച് ചുഴലിക്കാറ്റും: കണ്ണൂർ ഇരിട്ടി മേഖലയിൽ വ്യാപക നാശം– ചിത്രങ്ങൾ


ഇരിട്ടി ∙ വേനൽമഴയ്ക്കൊപ്പം ഉണ്ടായ ചുഴലിക്കാറ്റിൽ കണ്ണൂർ ഇരിട്ടി മേഖലയിൽ വൻ നാശം. 7 വീടുകൾ ഭാഗികമായി തകർന്നു. വ്യാപകമായ കൃഷി നശിച്ചു. മരം കടപുഴകിയും കാറ്റിൽ മേൽക്കൂര പറന്നും ആണു വീടുകൾക്ക് നാശം ഉണ്ടായത്. വ്യാഴം പുലർച്ചെ 2 നുണ്ടായ കനത്ത മഴയിലും കാറ്റിലും ഇരിട്ടി നഗരസഭയിലും പായം, ആറളം, ഉളിക്കൽ പഞ്ചായത്തുകളിലും ആണു നാശനഷ്ടങ്ങൾ കൂടുതലായി ഉണ്ടായത്.

പായം കരിയാലിലെ ബിനോയ് ഇലവുങ്കലിന്റെ ആസ്ബസ്റ്റോസ് ഷീറ്റിട്ട വീടിന്റെ മേൽക്കൂര പൂർണമായും തകർന്നു. വീട്ടുകാർ പരുക്കേൽക്കാതെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വട്ട്യറയിലെ പുതിയ വീട്ടിൽ സരിതയുടെ വീടിനു മുകളിലേക്ക് തെങ്ങ് കടപുഴകി വീണു ഭാഗികമായി തകർന്നു. കോറമുക്ക് മരമില്ലിന് സമീപമുള്ള എം.ആർ.വിജയന്റെ വീടിന്റെ മുകളിൽ മരം പൊട്ടി വീണു മുൻഭാഗം പൂർണമായും തകർന്നു. സമീപത്തെ ഷിജു കുളംപ്പള്ളിയുടെ വീടിന്റെ മുകളിൽ മരം വീണു അടുക്കള വശം തകർന്നു. ആറളം കൊടുവളത്തെ തുമ്പത്ത് രതീഷിന്റെ വീടിന്റെ മുകളിലത്തെ ആസ്ബസ്റ്റോസ് ഷീറ്റ് നശിച്ചു. വീട്ടുകാർക്ക് നിസ്സാര പരുക്ക് പറ്റി.

ആറളം, ഉളിക്കൽ പഞ്ചായത്തുകളിൽ 2 വീടുകൾക്ക് കേടുപാട് സംഭവിച്ചു. എടൂരിൽ തോണക്കര ജോർജിന്റെ വീടിന്റെ മുകളിലേക്കു സമീപത്തെ മാവ് പൊട്ടി വീണു മേൽക്കൂര തകർന്നു. ഉളിക്കൽ അറബി കുന്നേൽപടിയിൽ തറപ്പിൽ ശശിധരന്റെ വീടിന്റെ മുകളിലേക്കു തെങ്ങു ഒടിഞ്ഞുവീണു കേടുപാട് സംഭവിച്ചു. പായത്തെ ഇ.സതീശന്റെ കുലച്ച 300 ഓളം നേന്ത്രവാഴകൾ കാറ്റിൽ നിലംപൊത്തി. കഴിഞ്ഞവർഷവും സതീശന്റെ വാഴകൾ നശിച്ചിരുന്നു. പായം സ്‌കൂളിനു സമീപമുള്ള കുറ്റിയാടൻ ഉത്തമന്റെ കുലച്ച നൂറോളം നേന്ത്രവാഴകളും നശിച്ചു.

പായം കാടമുണ്ടയിലെ അളോറ വിനോദനിയുടെ 150 ഓളം കുലച്ച നേന്ത്രവാഴകളും മരച്ചീനിയും കാറ്റിൽ നശിച്ചു. നുച്ചിയാട് കുന്നിലെ പുരുഷോത്തമന്റെ കാടമുണ്ടയിലെ നൂറോളം മരിച്ചീനികളും കാറ്റിൽ നശിച്ചു. ഏച്ചിലത്തെ അഖിലേഷ് നമ്പൂതിരിയുടെ കാടമുണ്ടയിൽ കൃഷിയിറക്കിയ 100 വാഴകളും നിലംപൊത്തി. തെങ്ങും കമുകും കശുമാവും റബറും ഉൾപ്പെടെ കടപുഴകി നിരവധി കർഷകർ നാശനഷ്ടം ഉണ്ടായി. വൈദ്യുതി ലൈനിൽ മരം പൊട്ടി വീണതിനെത്തുടർന്നു മേഖലയിൽ വൈദ്യുതി വിതരണവും തടസ്സപ്പെട്ടു.

പാട്ടത്തിനെടുത്തു നടത്തിയ വാഴ കൃഷിയും നശിച്ചു ഇരിട്ടി നഗരസഭയിലെ കീഴൂരിൽ സ്ഥലം പാട്ടത്തിനെടുത്തു വാഴ കൃഷി നടത്തിയ പുതുശേരിയിലെ ചാക്യത്ത് ചാക്കോയുടെ 300 ഓളം കുലച്ച നേന്ത്രവാഴകൾ കാറ്റിൽ നിലംപൊത്തി. പതിനായിരത്തോളം വാഴയാണ് കൃഷി ചെയ്തിരുന്നത്. മുപ്പതിനായിരത്തോളം രൂപ സ്ഥലത്തിനു പാട്ടത്തുകയായി നൽകി. 50,000 രൂപ ബാങ്കിൽ നിന്നും വായ്പ എടുത്താണു കൃഷി നടത്തിയതെന്നു ചാക്കോ പറഞ്ഞു.

റസ്റ്ററന്റിന്റെ കൂറ്റൻ ലൈറ്റ് ബോർഡ് നിലംപൊത്തി ഇരിട്ടി കല്ലുമുട്ടി പെട്രോൾ പമ്പിനു എതിർവശം ടേസ്റ്റി ഹാങ്ങൗട്ട് റസ്റ്ററന്റ് – എഎഫ്സി – ബേക്കറി സംരംഭത്തിന്റെ കൂറ്റൻ ലൈറ്റ് ബോർഡ് നിലംപൊത്തി. അക്ഷരങ്ങൾ ഉൾപ്പെടെ പൂർണമായി നശിച്ചു. ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി മാനേജ്മെന്റ് പ്രതിനിധി പി.അശോകൻ പറഞ്ഞു.